വാൻകൂവർ: വാൻകൂവറിൽ നിന്ന് ദുബായിലേക്കുള്ള എയർ കാനഡയുടെ നേരിട്ടുള്ള വിമാന സർവീസ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. വാൻകൂവർ ഇന്റർനാഷണൽ എയർപോർട്ടിൽ (YVR) നിന്ന് ദുബായ് എയർപോർട്ടിലേക്കുള്ള (DXB) ഈ നോൺ-സ്‌റ്റോപ്പ് സർവീസാണ് അവസാനിപ്പിച്ചത്. ഈ വിവരം എയർ കാനഡ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു . 2025-26 വർഷത്തെ വിന്റർ ഫ്ലൈറ്റ് ഷെഡ്യൂളിൽ ഈ മാറ്റം ബാധകമാകും. രണ്ട് വർഷം മുൻപാണ് എയർ കാനഡ ഈ റൂട്ട് പ്രഖ്യാപിച്ചത്. 2023 ഒക്ടോബർ 28-നാണ് ആദ്യ വിമാനം വാൻകൂവറിൽ നിന്ന് ദുബായിലേക്ക് പറന്നത്.
ആഴ്ചയിൽ നാല് തവണയാണ് വാൻകൂവറിൽ നിന്ന് ദുബായിലേക്ക് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത്. ഏകദേശം 15 മണിക്കൂറാണ് യാത്രാസമയം. ഈ സർവീസ് അവസാനിപ്പിക്കുന്നതോടെ യുഎഇയിലേക്കുള്ള പടിഞ്ഞാറൻ കാനഡയിലെ ആദ്യത്തെയും ഏക നേരിട്ടുള്ള വിമാന സർവീസാണ് ഇല്ലാതാകുന്നത്. ഇത് പശ്ചിമേഷ്യയിലേക്കും ദക്ഷിണേഷ്യയിലേക്കും യാത്ര ചെയ്യുന്നവർക്ക് വലിയ തിരിച്ചടിയാണ്. നിലവിൽ നവംബർ 22നും 2026 മാർച്ച് 26നും ഇടയിലുള്ള വിന്റർ ഷെഡ്യൂളിലെ സർവീസുകളാണ് റദ്ദാക്കിയത്.
ഈ റൂട്ട് സർവീസ് അവസാനിപ്പിക്കാനുള്ള കാരണം എയർ കാനഡ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, റൂട്ടിന്റെ ലാഭക്ഷമത കുറഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് സൂചന. ഈ റദ്ദാക്കൽ ദുബായിൽ നിന്ന് വാൻകൂവറിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവരെയും ബാധിക്കും. അവർക്ക് ഇനി മറ്റ് വിമാനക്കമ്പനികളുടെ കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ടി വരും. ഇത് യാത്രാസമയം കൂട്ടുകയും യാത്രാച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Air Canada ends Vancouver-Dubai non-stop service



