അഞ്ചു വർഷം മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ മറന്നുവെച്ച കത്രിക പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ മൂത്രാശയം തുളച്ച നിലയിൽ കണ്ടെത്തി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന മൂന്നര മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഈ ഉപകരണം പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ഒ.വി. സുധീർ, ഡോ. കെ.വി. സഞ്ജീവൻ എന്നിവർ ശസ്ത്രക്രിയയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചു.
സാധാരണ കത്രികയല്ല, ശസ്ത്രക്രിയ ഉപകരണമായ ‘മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സ്’ ആണ് ഉഷയുടെ വയറ്റിൽ കുടുങ്ങിയത്. ഇതിന്റെ മൂന്ന് സെന്റിമീറ്ററോളം ഭാഗം മൂത്രാശയത്തിനുള്ളിലേക്ക് (Urinary Bladder) തുളച്ചു കയറിയിരുന്നു. മൂത്രത്തിലെ ലവണാംശം കത്രികയുടെ അഗ്രഭാഗത്ത് അടിഞ്ഞുകൂടി കല്ല് പോലെ രൂപപ്പെട്ടതിനാൽ ആദ്യഘട്ടത്തിൽ ഇത് കിഡ്നി സ്റ്റോൺ ആണെന്നാണ് ഡോക്ടർമാർ കരുതിയിരുന്നത്. നടക്കുമ്പോഴും ശരീരം അനങ്ങുമ്പോഴും അനുഭവപ്പെട്ട കഠിനമായ വേദനയ്ക്കും മൂത്രത്തിലൂടെ രക്തം വരുന്നതിനും കാരണം കത്രിക മൂത്രാശയ ഭിത്തി തുളച്ചതായിരുന്നു. അഞ്ചാറ് മാസങ്ങൾക്ക് മുൻപാകാം ഈ ഉപകരണം മൂത്രാശയത്തിലേക്ക് നീങ്ങിയതെന്നാണ് ഡോക്ടർമാരുടെ നിഗമനം.
2021 മെയ് 10-ന് ഗർഭാശയ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് ഈ അനാസ്ഥ സംഭവിച്ചത്. വേദന സഹിക്കവയ്യാതെ നടത്തിയ അൾട്രാ സൗണ്ട് സ്കാനിലും എക്സ്റേയിലുമാണ് ലോഹഭാഗം കണ്ടെത്തിയത്. നിലവിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഉഷ സുഖം പ്രാപിച്ചു വരുന്നു. തൊണ്ടിമുതലായ കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. സംഭവത്തിൽ വീഴ്ച വരുത്തിയ ഡോക്ടറെയും നഴ്സിനെയും നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിൽ സംഭവത്തിൽ സർജന് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ഷാഹിദ ചികിത്സാപരമായ പ്രോട്ടോക്കോളുകളെല്ലാം കൃത്യമായി പാലിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയ പൂർത്തിയാക്കി മുറിവ് തുന്നിക്കെട്ടുന്നതിന് മുൻപ് എല്ലാ ഉപകരണങ്ങളും നീക്കം ചെയ്തോ എന്ന് ഡോക്ടർ സഹായിയായ നഴ്സിനോട് ചോദിച്ചിരുന്നുവെന്നും അതിനാൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ടിന്റെ കണ്ടെത്തൽ.
അതേസമയം, നഴ്സിംഗ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് നടന്ന ശസ്ത്രക്രിയയായതിനാൽ ജീവനക്കാരുടെ കുറവ് ഇതിന് കാരണമായേക്കാം. ശസ്ത്രക്രിയ നടന്ന സമയത്ത് ഫ്ലോർ നഴ്സിന്റെ അഭാവമുണ്ടായിരുന്നുവെന്നും സഹായിയായ നഴ്സ് ഒരേസമയം തൊട്ടടുത്ത ടേബിളിലെ മറ്റൊരു ശസ്ത്രക്രിയയിലും പങ്കെടുക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ നഴ്സിനെ മാത്രം ബലിയാടാക്കി ഉയർന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ ആരോപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Usha Josephkutty case in Kerala



