ന്യൂയോർക്ക്: പശ്ചിമേഷ്യയെ ആകെ മുനയിൽ നിർത്തിക്കൊണ്ട് ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും സംയുക്ത സൈനിക നീക്കം നടത്തി. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇറാന്റെ ആണവ, മിസൈൽ ശേഷി പൂർണ്ണമായും ഇല്ലാതാക്കാനാണെന്ന് അമേരിക്ക ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. പതിറ്റാണ്ടുകളായി ഭീകര സംഘടനകളെ ഉപയോഗിച്ച് ഇറാൻ മേഖലയിൽ നടത്തുന്ന അക്രമങ്ങൾ ഒരു ഉത്തരവാദിത്തപ്പെട്ട രാജ്യത്തിനും അവഗണിക്കാനാവില്ലെന്നും, ആഗോള സുരക്ഷ ഉറപ്പാക്കാനാണ് ഈ സൈനിക നടപടിയെന്നും യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു.
നിലവിലെ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമാണെന്നും അമേരിക്കൻ പ്രതിനിധി കൂട്ടിച്ചേർത്തു. എന്നാൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കം നരഹത്യയാണെന്നാണ് ഇറാൻ ഐക്യരാഷ്ട്രസഭയിൽ തിരിച്ചടിച്ചത്. ജനവാസ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ ഈ ആസൂത്രിത ആക്രമണത്തിൽ കുട്ടികളടക്കം നൂറിലധികം പേർ കൊല്ലപ്പെട്ടതായും ഇറാൻ പ്രതിനിധി ആരോപിച്ചു.
ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം യുദ്ധക്കുറ്റമാണ്. ആണവ കേന്ദ്രങ്ങളെ തകർക്കാനുള്ള നീക്കം മനുഷ്യരാശിക്കെതിരെയുള്ള വെല്ലുവിളിയാണെന്നും, അമേരിക്കയും ഇസ്രയേലും നടത്തുന്ന ദുഷ്പ്രചാരണങ്ങൾ ആഗോള സമൂഹം തിരിച്ചറിയണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നാലെ മേഖലയിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇറാൻ നൽകി.
ഇറാന് നേരെ നടന്ന സൈനിക നീക്കത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് റഷ്യയും ചൈനയും രംഗത്തെത്തി. ലോകം നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്ക നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് പശ്ചിമേഷ്യയിൽ നടക്കുന്നത്. ഇറാനെ പൂർണ്ണമായും പിന്തുണച്ച റഷ്യ, യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ചു.
ആണവ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മോസ്കോ മുന്നറിയിപ്പ് നൽകി. സമാധാന ചർച്ചകളുടെ മറപിടിച്ചാണ് അമേരിക്കയും ഇസ്രയേലും ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് ചൈനയും കുറ്റപ്പെടുത്തി. നയതന്ത്ര ചർച്ചകൾ പുരോഗമിക്കവെ അപ്രതീക്ഷിതമായി നടന്ന ഈ വ്യോമാക്രമണം മേഖലയിലെ സമാധാന ശ്രമങ്ങളെ അപ്രസക്തമാക്കിയിരിക്കുകയാണ്.
ഉടൻ യുദ്ധം അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് റഷ്യയും ചൈനയും ആവർത്തിച്ചു. എന്നാൽ ഇറാന്റെ സൈനിക ശേഷി തകർക്കുന്നത് തുടരുമെന്ന സൂചനയാണ് ഇസ്രയേലും അമേരിക്കയും നൽകുന്നത്. വൻശക്തി രാജ്യങ്ങൾ വിരുദ്ധ ചേരികളിലായി നിലയുറപ്പിച്ചതോടെ പശ്ചിമേഷ്യ മറ്റൊരു വൻ യുദ്ധത്തിന്റെ നിഴലിലായി. വരും ദിവസങ്ങളിൽ ഐക്യരാഷ്ട്രസഭയിൽ നടത്തുന്ന തുടർചർച്ചകൾ ലോകക്രമത്തിൽ നിർണ്ണായകമാകും.
usa-express-stand-in-un-security-council-to-hold-emergency-meeting
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



