വാഷിങ്ടൺ: യുഎസിൽ പഠിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ബന്ധമുള്ളവരോ നിർണായക വിഷയങ്ങളിൽ പഠനം നടത്തുന്നവരോ ആയ വിദ്യാർഥികളെ കണ്ടെത്തി വീസ റദ്ദാക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ബന്ധമുള്ളവരെ പ്രത്യേകം നിരീക്ഷിക്കും. നടപടിയിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയിൽനിന്നും ഹോങ്കോങ്ങിൽനിന്നുമുള്ള വിദ്യാർഥി വീസ അപേക്ഷകളുടെ സൂക്ഷ്മപരിശോധന കൂടുതൽ കർശനമാക്കാനും നിർദേശമുണ്ട്. കഴിഞ്ഞ വർഷം മാത്രം യുഎസ് കോളജുകളിൽ പഠിച്ചിരുന്നത് 2,77,000 ചൈനീസ് വിദ്യാർഥികളാണ്. വീസ റദ്ദാക്കൽ നടപടി ഇവരിൽ എത്ര പേരെ ബാധിക്കുമെന്ന് വ്യക്തമല്ല.
ഇന്ത്യൻ വിദ്യാർഥികളുടെ വീസ അഭിമുഖം നിർത്തിവച്ചുൾപ്പെടെ നിയന്ത്രണം കർശനമാക്കിയതിനു പിന്നാലെയാണ് ചൈനീസ് വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള യുഎസ് നീക്കം. അതേസമയം യുഎസിന്റെ നീക്കത്തെ എതിർക്കുന്നെന്ന് ചൈന അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നയപരമായ സമീപനത്തിനാണ് ശ്രമിക്കേണ്ടതെന്നും ചൈന വ്യക്തമാക്കി.



