യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിൽ 2 മുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25% താരിഫ് ഏർപ്പെടുത്തിയിരിക്കുന്നു. ഈ തീരുമാനം വടക്കേ അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായത്തെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലുകൾ ഓട്ടോ നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്ന കാനഡയിൽ ഇത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
കാനഡയിലെ രാഷ്ട്രീയ നേതാക്കൾ ഈ നടപടിയെ ശക്തമായി വിമർശിച്ചു . ലിബറൽ നേതാവ് മാർക്ക് കാർണി ഇതിനെ “നേരിട്ടുള്ള ആക്രമണം” എന്ന് വിശേഷിപ്പിച്ചു. ഓട്ടോ മേഖലയ്ക്കായി 2 ബില്യൺ ഡോളറിന്റെ ദുരിതാശ്വാസ ഫണ്ട് നിർദേശിച്ചപ്പോൾ, കൺസർവേറ്റീവ് നേതാവ് പിയറി പൊയ്ലിവ്രെ ട്രംപിനോട് ഇത് നിർത്താൻ ആവശ്യപ്പെട്ടിരുന്നു. NDP നേതാവ് ജഗ്മീത് സിംഗ് പ്രതികാര താരിഫുകൾക്കും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് യുഎസിന് പരമാവധി വേദന ഉണ്ടാക്കുന്ന പ്രതിനടപടികൾക്കും ആഹ്വാനം ചെയ്തു.
“ട്രംപിന്റെ ഈ തീരുമാനം 60 വർഷത്തെ കാനഡ-യുഎസ് ഓട്ടോ വ്യാപാര ബന്ധങ്ങളെയും നിലവിലുള്ള വ്യാപാര കരാറുകളെയും ലംഘിക്കുന്നതാണ്,” എന്ന് കാനഡയിലെ പ്രമുഖ വ്യാപാര വിദഗ്ധൻ ജെയിംസ് മൂർ പറഞ്ഞു. “ഇത് രണ്ട് രാജ്യങ്ങളിലെയും വ്യവസായ മേഖലയിൽ അനിശ്ചിതത്വവും നിക്ഷേപകരിൽ ആശങ്കയും സൃഷ്ടിക്കും. പ്രത്യേകിച്ചും കാനഡ യുഎസിൽ നിന്ന് കൂടുതൽ ഓട്ടോ ഉൽപ്പന്നങ്ങൾ വാങ്ങുന്ന സാഹചര്യത്തിൽ, ഈ തീരുമാനം എല്ലാ തലങ്ങളിലും പ്രശ്നങ്ങൾക്ക് കാരണമാകും.”എന്നും അദ്ദേഹം വ്യക്തമാക്കി .



