വാഷിംഗ്ടൺ: ഗൂഗിളിന്റെ ഓൺലൈൻ സേർച്ച് ആധിപത്യം നിയന്ത്രിക്കാനുള്ള ആവശ്യവുമായി അമേരിക്കൻ നിയമവകുപ്പ് (DOJ) ഫെഡറൽ കോടതിയിൽ ഹാജരായി. കഴിഞ്ഞ വർഷം ഗൂഗിൾ വിപണിയിൽ അനധികൃതമായി ആധിപത്യം സ്ഥാപിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു.
ജഡ്ജി അമിത് മെഹ്തയുടെ നേതൃത്വത്തിലുള്ള കോടതി ഗൂഗിളിനെതിരായ പരിഹാര നടപടികൾ പരിഗണിക്കുമ്പോഴാണ് DOJ ക്രോം ബ്രൗസർ വിഛേദിക്കണമെന്ന് ആവശ്യപ്പെട്ടത്. “ഇത് വെറും ഓൺലൈൻ സേർച്ചിനൊപ്പം മാത്രം പരിചയപെടുത്താൻ കഴിയാത്ത വിഷയം ആണ്. എ.ഐ പോലുള്ള പുതിയ സാങ്കേതികതകളിൽ ഗൂഗിളിന്റെ നിയന്ത്രണം ഭാവിയിൽ ഇന്റർനെറ്റിന്റെ മുഖം മാറ്റി മറിക്കും,” എന്നാണ് അസിസ്റ്റന്റ് അറ്റോർണി ജനറൽ ഗെയ്ൽ സ്ലേറ്റർ കോടതിയിൽ പറഞ്ഞത്.
സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗൂഗിളിന്റെ സേർച്ച് എഞ്ചിനും അതിനോട് ബന്ധപ്പെട്ട സേവനങ്ങളും പ്രധാന ഇടം പിടിച്ചു നിൽക്കുമ്പോൾ, ഈ ആധിപത്യം എ.ഐ യിലേക്കും വ്യാപിക്കുന്നു. ഗൂഗിൾ ഇതുവരെ എ.ഐ അടിസ്ഥാനമാക്കിയുള്ള നിരവധി സേവനങ്ങൾ സ്വന്തമാക്കി അവതരിപ്പിക്കുകയും സേർച്ചിൽ അതിന്റെ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, യുഎസ് സർക്കാരിന്റെ നിർദ്ദേശങ്ങൾ അതിരു കടന്നതാണെന്നാണു ഗൂഗിളിന്റെ വാദം. ക്രോം ബ്രൗസറിനെ വിഛേദിക്കലും ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വിറ്റഴിക്കലുമെല്ലാം കേസ് പരിധിയ്ക്ക് പുറത്താണ്, എന്നു പറഞ്ഞ് കമ്പനി കോടതിയിൽ വിമർശനം ഉയർത്തി.



