വാഷിങ്ടൺ: ലോക വിപണിയിലെ കടുത്ത എണ്ണക്ഷാമം പരിഹരിക്കാനും കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കൈമാറുന്നതിനും വിൽക്കുന്നതിനുമാണ് 30 ദിവസത്തേക്ക് താൽക്കാലിക അനുമതി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ആഗോള സാമ്പത്തിക സ്ഥിതിയും ആഭ്യന്തര വിപണിയിലെ വിലക്കയറ്റവും പരിഗണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നീക്കം.
നിലവിൽ ഉപരോധം മൂലം വിപണിയിലെത്തിക്കാൻ കഴിയാതെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന ഇറാന്റെ വൻ എണ്ണശേഖരം വിപണിയിലെത്തിക്കാൻ ഈ ഉത്തരവിലൂടെ സാധിക്കും. എണ്ണ വിതരണത്തിലുണ്ടായ കുറവ് നികത്താനും അതുവഴി അന്താരാഷ്ട്ര വിപണിയിൽ ബാരലിന് വില കുറയ്ക്കാനും അമേരിക്ക ഇതിലൂടെ പ്രതീക്ഷിക്കുന്നു. ഒരു വശത്ത് ഇറാന് മേൽ കടുത്ത രാഷ്ട്രീയ നിയന്ത്രണങ്ങൾ തുടരുമ്പോഴും, ആഗോള എണ്ണ പ്രതിസന്ധി മറികടക്കാൻ മറ്റൊരു പോംവഴിയില്ലാത്ത സാഹചര്യത്തിലാണ് അമേരിക്ക ഇത്തരമൊരു ‘യു-ടേൺ’ എടുത്തിരിക്കുന്നത്.
യുദ്ധത്തെത്തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ ലോകമെമ്പാടും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ 30 ദിവസത്തേക്ക് നൽകിയിരിക്കുന്ന ഇളവ് വിപണിക്ക് വലിയ ആശ്വാസമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഇത് ഒരു താൽക്കാലിക സംവിധാനം മാത്രമാണെന്നും ഇറാനോടുള്ള നയങ്ങളിൽ മാറ്റമില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിലടക്കം എണ്ണവിലയിൽ ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കും.
US takes decisive decision in deadlock; announces relief on oil sanctions on Iran
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



