ദിവസങ്ങളോളം നീണ്ട തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കും ഒടുവിൽ, യുഎസ് സെനറ്റിൽ ഡൊണാൾഡ് ട്രംപിന്റെ നികുതി-ചെലവ് ബിൽ നേരിയ ഭൂരിപക്ഷത്തിൽ പാസായി. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ കാസ്റ്റിംഗ് വോട്ടോടെയാണ് ബിൽ പാസായത്. 24 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് സെനറ്റ് ഈ നിർണായക തീരുമാനമെടുത്തത്. ഇതോടെ ട്രംപിന്റെ രണ്ടാം അജണ്ടയിലെ ഒരു പ്രധാന കടമ്പ പിന്നിട്ടു.
സെനറ്റിൽ ബിൽ പാസായെങ്കിലും, ഇത് വീണ്ടും ജനപ്രതിനിധി സഭയിലേക്ക് (ഹൗസ്) അയക്കും. അവിടെ ഈ ബില്ലിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരും. നേരത്തെ ജനപ്രതിനിധി സഭയിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ ബില്ലിന്റെ മുൻ രൂപം പാസായത്. ട്രംപ് ജൂലൈ 4-നകം ബിൽ തന്റെ മുന്നിലെത്തിക്കാൻ റിപ്പബ്ലിക്കൻ നിയന്ത്രിത കോൺഗ്രസിന് അന്ത്യശാസനം നൽകിയിരുന്നു. സർക്കാരിന്റെ കുറയുന്ന വരുമാനം എങ്ങനെ നികത്തും, ഏതൊക്കെ സാമൂഹിക പദ്ധതികൾക്ക് പണം കുറയ്ക്കും, മൊത്തം ചെലവ് എത്രയായിരിക്കും എന്നതിനെച്ചൊല്ലി രാഷ്ട്രീയക്കാർക്കിടയിൽ വലിയ തർക്കങ്ങളുണ്ട്. ഈ തർക്കങ്ങൾ ബിൽ നിയമമാക്കുന്നതിന് കൂടുതൽ സമയം എടുക്കാൻ സാധ്യതയുണ്ട്..
സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ മൂന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ ബില്ലിനെതിരെ വോട്ട് ചെയ്തു. മെയ്‌നിലെ സൂസൻ കോളിൻസ്, നോർത്ത് കരോലിനയിലെ തോം ടില്ലിസ്, കെന്റക്കിയിലെ റാൻഡ് പോൾ എന്നിവരാണ് ബില്ലിനെ എതിർത്ത് ഡെമോക്രാറ്റുകൾക്കൊപ്പം നിന്നത്. അതേസമയം, നേരത്തെ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്ന അലാസ്ക സെനറ്റർ ലിസ മർക്കോവ്‌സ്‌കിയെ ബില്ലിനെ പിന്തുണയ്ക്കാൻ റിപ്പബ്ലിക്കൻ നേതൃത്വത്തിന് കഴിഞ്ഞു.
50-50 എന്ന നിലയിൽ വന്ന വോട്ടെടുപ്പിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ കാസ്റ്റിംഗ് വോട്ട് ബില്ലിന് നിർണായകമായി. ട്രംപിന്റെ രണ്ടാം വട്ട ഭരണത്തിന്റെ പ്രധാന നയങ്ങളിലൊന്നായി കണക്കാക്കുന്ന ഈ ബിൽ, അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് താൽക്കാലികമായി നടപ്പിലാക്കിയ വലിയ നികുതി വെട്ടിക്കുറയ്ക്കലുകൾക്ക് സ്ഥിരം പ്രാബല്യം നൽകും.
ഇതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ, ഭക്ഷ്യ സബ്‌സിഡികൾ, കുറഞ്ഞ വരുമാനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള നിരവധി ജനക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാൻ റിപ്പബ്ലിക്കൻമാർ ശ്രമിക്കുന്നുണ്ട്. ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻമാരും രംഗത്തെത്തിയിട്ടുണ്ട്. ശതകോടീശ്വരൻ എലോൺ മസ്കും ഈ ബില്ലിനെതിരെ ശക്തമായി രംഗത്തുണ്ട്.



