ദാവോസ്: ലോക സാമ്പത്തിക മേഖലയെ മുൾമുനയിൽ നിർത്തിയ ഗ്രീൻലൻഡ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് മയപ്പെടുത്തിയത് ആഗോള വിപണികൾക്ക് പുതിയ ഊർജ്ജമായി. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും പകരം ചർച്ചകളിലൂടെ ധാരണയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി ഒന്ന് മുതൽ നടപ്പിലാക്കാനിരുന്ന തീരുവകൾ ഒഴിവാക്കിയതോടെ രാജ്യാന്തര വിപണികളിൽ വലിയ ആശ്വാസമാണ് പ്രകടമാകുന്നത്.
ഓഹരി വിപണിയിൽ പ്രതീക്ഷയുടെ പച്ചവെളിച്ചം
ട്രംപിന്റെ പ്രഖ്യാപനം അമേരിക്കൻ വിപണികളിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമായി. എസ് ആൻഡ് പി സൂചിക കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചപ്പോൾ ഡോ ജോൺസ്, നാസ്ഡാക്ക് എന്നിവയും ഒരു ശതമാനത്തിലധികം ഉയർന്നു. ഇന്ത്യൻ വിപണി കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത ഇടിവ് നേരിടുകയായിരുന്നു. എന്നാൽ അമേരിക്കൻ വിപണിയിലെ ഉണർവ് ഇന്ന് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുമെന്നാണ് ‘ഗിഫ്റ്റി നിഫ്റ്റി’ നൽകുന്ന സൂചന. ഇന്നലെ സെൻസെക്സ് 270 പോയിന്റും നിഫ്റ്റി 75 പോയിന്റും ഇടിഞ്ഞ് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.
സ്വർണവില താഴേക്ക്
ഇന്നലത്തെ റെക്കോർഡ് വിലയിൽ നിന്ന് സ്വർണം ഇന്ന് താഴേക്ക് ഇറങ്ങുകയാണ്. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,853 ഡോളർ വരെ ഉയർന്ന സ്വർണം നിലവിൽ 4,790 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിൽ ഇന്നലെ പവന് 1,14,840 രൂപ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു വ്യാപാരം അവസാനിച്ചത്. ആഗോള വിപണിയിലെ മാറ്റങ്ങൾ പ്രതിഫലിക്കുന്നതോടെ ഇന്ന് കേരളത്തിലും സ്വർണവില കുറയാനാണ് സാധ്യത. വെള്ളിവിലയിലും മൂന്ന് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആശങ്കയായി യുഎസ്-ഇറാൻ തർക്കം
യൂറോപ്പുമായുള്ള തർക്കം താൽക്കാലികമായി പരിഹരിക്കപ്പെട്ടെങ്കിലും യുഎസ്-ഇറാൻ ബന്ധം കൂടുതൽ വഷളാകുന്നത് നിക്ഷേപകർക്കിടയിൽ ആശങ്ക നിലനിർത്തുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം സൈനിക നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ക്രൂഡ് ഓയിൽ വിപണിയെയും ആഗോള സാമ്പത്തിക സ്ഥിതിയെയും ബാധിച്ചേക്കാം. നിലവിൽ നാറ്റോ തലവൻ മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചകളിൽ ഗ്രീൻലൻഡ് വിഷയത്തിൽ വലിയ കരാറുകൾക്ക് ചട്ടക്കൂട് രൂപപ്പെട്ടതായാണ് ട്രംപിന്റെ അവകാശവാദം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US President’s U-turn on Greenland ‘invasion’ followed ‘push by aides’



