വാഷിങ്ടൺ: ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാകിസ്താനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്ന് അമേരിക്ക പൗരന്മാർക്ക് നിർദ്ദേശം നൽകി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പുതുക്കിയ ട്രാവൽ അഡ്വൈസറിയിൽ പാകിസ്താനെ ‘ലെവൽ 3’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതീവ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുള്ള രാജ്യങ്ങളെയാണ് സാധാരണയായി ഈ പട്ടികയിൽ ഉൾപ്പെടുത്താറുള്ളത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഭീകരാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പിൽ പറയുന്നു. ഹോട്ടലുകൾ, ചന്തകൾ, ഷോപ്പിംഗ് മാളുകൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ പൊതുവിടങ്ങൾ ഭീകരവാദികൾ ലക്ഷ്യമിട്ടേക്കാം. അതിനാൽ പാകിസ്താനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൗരന്മാർ പരമാവധി ഒഴിവാക്കണമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്.
ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളിലെ ചില മേഖലകളെ ഏറ്റവും അപകടകരമായ ‘ലെവൽ 4’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലേക്ക് യാതൊരു കാരണവശാലും യാത്ര ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്. ഈ മേഖലകളിൽ തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും പതിവാണെന്ന് അമേരിക്ക വിലയിരുത്തുന്നു. പ്രാദേശിക നിയമങ്ങൾ കർശനമായതിനാൽ അനുമതിയില്ലാത്ത പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് തടവുശിക്ഷയ്ക്ക് കാരണമായേക്കാം.
പാകിസ്താൻ സർക്കാരിനെയോ സൈന്യത്തെയോ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അപകടസാധ്യതയുടെ അടിസ്ഥാനത്തിൽ നാല് തലങ്ങളിലായാണ് അമേരിക്ക യാത്രാ നിർദ്ദേശങ്ങൾ വിഭജിച്ചിരിക്കുന്നത്. ഇതിൽ ജീവന് ഭീഷണിയുള്ള ഏറ്റവും ഉയർന്ന അപകട വിഭാഗമാണ് ലെവൽ 4.
അമേരിക്കൻ പൗരന്മാർക്ക് പുറമെ മറ്റ് വിദേശ വിനോദസഞ്ചാരികളെയും ഈ റിപ്പോർട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. പാകിസ്താനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ പുതിയ നിയന്ത്രണങ്ങൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Terrorism threat: US places Pakistan on ‘Level 3’ list



