വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മേഖലയിലേക്ക് അയ്യായിരം സൈനികരെ കൂടി അയക്കാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ഉത്തരവിട്ടു. ദ്രുത പ്രതികരണ സേനയായ 82-ാം എയർബോൺ ഡിവിഷനിലെ രണ്ടായിരം പേർ ഉൾപ്പെടെയുള്ള സംഘമാണ് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മേഖലയിൽ എത്തുന്നത്. ഇതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പശ്ചിമേഷ്യയിൽ പുതുതായി എത്തിയ അമേരിക്കൻ കരസൈനികരുടെ എണ്ണം ഏഴായിരമായി ഉയർന്നു. സമാധാന ചർച്ചകളുടെ മറവിൽ അമേരിക്ക കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണെന്ന ഇറാൻ്റെ ആരോപണങ്ങൾക്കിടെയാണ് ഈ നീക്കം.
പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക വിന്യാസം കടുപ്പിച്ചത്. 18 മണിക്കൂറിനുള്ളിൽ എവിടെയും വിന്യസിക്കാൻ ശേഷിയുള്ള ‘ഇമ്മീഡിയറ്റ് റെസ്പോൺസ് ഫോഴ്സിനെ’യാണ് മേജർ ജനറൽ ബ്രാൻഡൻ ആർ. ടെഗ്റ്റ്മെയറിന്റെ നേതൃത്വത്തിൽ അയച്ചിരിക്കുന്നത്. നിലവിൽ മേഖലയിലുള്ള 50,000 സൈനികർക്ക് പുറമെയാണിത്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി ചർച്ചയിലുണ്ടെങ്കിലും, ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളും ഇറാന്റെ പ്രത്യാക്രമണങ്ങളും മേഖലയിൽ ഇപ്പോഴും തുടരുകയാണ്.
അതേസമയം, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച് സമാധാന ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചു. സമാധാനത്തിനുള്ള അവസരങ്ങൾ എല്ലാ കക്ഷികളും പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന വാദം ഇറാൻ മുൻപേ നിഷേധിച്ചിരുന്നു. അമേരിക്കയുടെ പുതിയ നീക്കം വെറും പ്രതിരോധത്തിനാണോ അതോ നേരിട്ടുള്ള കരയുദ്ധത്തിനാണോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US moves amid talks; 7,000 more troops to the West Asia, an attempt at a ground war?



