വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെ കടുത്ത നടപടിക്കൊരുങ്ങി അമേരിക്ക. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കം ഉണ്ടായേക്കുമെന്ന് യൂറോപ്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയാൽ ഇറാൻ കടുത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനിലെ വിവിധ നഗരങ്ങളിൽ കഴിഞ്ഞ മാസമുണ്ടായ സാമ്പത്തിക-രാഷ്ട്രീയ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച തടവിലാക്കപ്പെട്ട 26 വയസ്സുകാരനായ ഇർഫാൻ സുൽത്താനിയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന വാർത്തകളാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. വെറും രണ്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി ഇർഫാന് വധശിക്ഷ വിധിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വിഷയത്തിൽ അങ്ങേയറ്റം ഗൗരവകരമായ നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ അമേരിക്കൻ സൈന്യം ശക്തമായി പ്രതികരിക്കുമെന്നും ഇറാന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള എല്ലാ ചർച്ചകളും താൽക്കാലികമായി റദ്ദാക്കിയ വൈറ്റ് ഹൗസ്, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു.
ഇറാന്റെ 31 പ്രവിശ്യകളിലായി 180 നഗരങ്ങളിലേക്കാണ് പ്രക്ഷോഭം പടർന്നിരിക്കുന്നത്. കറൻസിയുടെ മൂല്യമിടിവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മൂലമുണ്ടായ ജനരോഷം പിന്നീട് ഭരണമാറ്റത്തിനായുള്ള വൻ പ്രക്ഷോഭമായി മാറുകയായിരുന്നു. 1979-ലെ വിപ്ലവത്തിന് ശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയാണിത്. മരിച്ചവരിൽ 12 കുട്ടികളും ഉൾപ്പെടുന്നുവെന്ന് മനുഷ്യാവകാശ ഏജൻസികൾ സ്ഥിരീകരിക്കുന്നു.
അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ഇറാൻ ഭരണകൂടം തള്ളിക്കളഞ്ഞു. പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദികളാണെന്നാണ് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. സൈനിക ഇടപെടലിനായി അമേരിക്ക മനഃപൂർവ്വം കാരണങ്ങൾ സൃഷ്ടിക്കുകയാണെന്നും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമെന്നും ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. മേഖലയിൽ യുദ്ധസാഹചര്യം ഉടലെടുത്തതോടെ ആഗോളതലത്തിൽ വലിയ ആശങ്കയാണ് പടരുന്നത്.
us-military-action-against-iran-could-come-within-next-24-hours-european-officials-say-report
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



