ടെൽ അവീവ്/ടെഹ്‌റാൻ: ഇറാന്റെ സുരക്ഷാ ചക്രത്തെ തകർത്തെറിഞ്ഞ് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും ഏഴ് പ്രമുഖ സൈനിക മേധാവികളും കൊല്ലപ്പെട്ടു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) കമാൻഡർ അലി ഷംഖാനി, മുഹമ്മദ് പാക്‌പോർ എന്നിവരുടെ മരണം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഖാംനഈയുടെ ഓഫീസ് പൂർണ്ണമായും തകർന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തസ്നീം, ഫാർസ് വാർത്താ ഏജൻസികൾ അദ്ദേഹത്തിന്റെ മരണവാർത്തയും റിപ്പോർട്ട് ചെയ്തു. ഖാംനഈയുടെ മകളും മരുമകനും കൊച്ചുമകനും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
പ്രതിരോധ മന്ത്രി അസീസ് നസിർസാദ, സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, വിപ്ലവസേന കമാൻഡർ മുഹമ്മദ് പാക്‌പോർ എന്നിവരുൾപ്പെടെയുള്ള ഇറാന്റെ തന്ത്രപ്രധാന സൈനിക നേതൃത്വത്തെയാണ് ഇസ്രായേൽ സൈന്യം വകവരുത്തിയത്. സലെ അസാദി, മുഹമ്മദ് ഷിരാസി, ഹൊസൈൻ ജബാൽ അസെലിൻ, റെസ മൊസാഫാരി നിയ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. രാത്രി മുഴുവൻ നീണ്ടുനിന്ന അതിശക്തമായ മിസൈൽ വർഷത്തിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും ഇറാൻ ഭരണകൂടം വ്യക്തമാക്കി. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും ഉയർന്നതാകാനാണ് സാധ്യത.
ആക്രമണത്തിന് മറുപടിയായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി ആരംഭിച്ചു. എന്നാൽ ഈ ആക്രമണങ്ങൾ വൈകാതെ തന്നെ ജനവാസ മേഖലകളിലേക്കും വ്യാപിച്ചു. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ പ്രയോഗിച്ച നിരവധി മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും ഗൾഫ് മേഖല ഒന്നടങ്കം കടുത്ത ആശങ്കയിലാണ്.
നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ജനജീവിതം സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതും വ്യോമപാതകൾ അടച്ചതും മേഖലയെ സാമ്പത്തികമായും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ പതനം പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ ഒരു മഹാ യുദ്ധത്തിനുള്ള സാധ്യത ഏറിയിരിക്കുകയാണ്. ലോകരാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് ഈ നീക്കങ്ങളെ നിരീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US-Israeli airstrike: Major setback for Iran’s military leadership; Seven killed, including Ali Shamkhani, reportedly



