ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും നയതന്ത്ര നീക്കങ്ങളും ഒരുപോലെ മുറുകുന്നതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം വട്ട ആണവ ചർച്ചകൾക്ക് സ്വിറ്റ്‌സർലൻഡിലെ ജനീവ വേദിയാകുന്നു. ഈ വരുന്ന വ്യാഴാഴ്ച ചർച്ച നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയാണ് സ്ഥിരീകരിച്ചത്. ഇരുരാജ്യങ്ങളും അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തതായും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഒമാൻ വ്യക്തമാക്കി. നേരത്തെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി സൂചിപ്പിച്ച ചർച്ചാ സാധ്യതകൾക്കാണ് ഇതോടെ ഔദ്യോഗിക സ്ഥിരീകരണമായത്.
നയതന്ത്ര തലത്തിലുള്ള പരിഹാരം സാധ്യമാണെന്ന ശുഭപ്രതീക്ഷയിലാണ് ഇറാൻ നേതൃത്വം. രണ്ടാം വട്ട ചർച്ചകളിൽ ഉരുത്തിരിഞ്ഞ കരാറിൻ്റെ പൊതുതത്വങ്ങളിൽ ഇരുരാജ്യങ്ങളും നേരത്തെ ധാരണയിലെത്തിയിരുന്നു. നിലവിൽ തയ്യാറാക്കിയ കരട് രേഖയിൽ അമേരിക്കയും ഇറാനും വിശദമായ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് മൂന്നാം വട്ട ചർച്ചയിലേക്ക് കടക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ കരാറിന്റെ പരിധിയിൽ വരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്ന പ്രധാന ഘടകം.
തങ്ങൾ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് തെളിയിക്കാൻ അന്താരാഷ്ട്ര പരിശോധനകൾക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ ആവർത്തിക്കുമ്പോഴും, ഇറാന് ആണവ സംവിധാനമേ പാടില്ലെന്ന കർക്കശ നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സമാധാനത്തിലേക്കോ അതോ കൂടുതൽ സംഘർഷത്തിലേക്കോ എന്ന ചോദ്യത്തിന് വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയോടെ ഉത്തരമായേക്കും.
ഒരു വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കാനും, നിലവിലെ ശേഖരം അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് കൈമാറാനും അമേരിക്ക സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിന് പകരമായി ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുന്നതും എണ്ണ വ്യാപാരം പുനഃസ്ഥാപിക്കുന്നതും ചർച്ചകളുടെ ഭാഗമാണ്. യുറേനിയം സമ്പുഷ്ടീകരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരമായി സാമ്പത്തിക ആശ്വാസം എന്ന ഫോർമുലയിലേക്ക് ഇരുപക്ഷവും എത്തിയേക്കുമെന്നാണ് സൂചനകൾ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ള ഈ ചർച്ചയുടെ ഫലം വരും ദിവസങ്ങളിൽ ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.
us-iran-talks-next-round-in-geneva-this-week
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



