വാഷിങ്ടൺ/ടെഹ്റാൻ: ഇറാൻ-അമേരിക്ക സംഘർഷം പുതിയ തലത്തിലേക്ക്. ഇറാൻ വെടിനിർത്തലിനായി അപേക്ഷിച്ചു എന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്തെത്തി. ട്രംപിന്റെ പ്രസ്താവനകൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇറാന്റെ വെടിനിർത്തൽ അഭ്യർഥനയെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇറാന്റെ പുതിയ ഭരണനേതൃത്വം (മുജ്‌തബ ഖമയനി) സമാധാനത്തിനായി അമേരിക്കയെ സമീപിച്ചു. എന്നാൽ, ഹോർമുസ് കടലിടുക്ക് തടസമില്ലാതെ തുറന്നുകൊടുത്താൽ മാത്രമേ ഈ നിർദ്ദേശം പരിഗണിക്കൂ എന്ന് ട്രംപ് നിലപാടെടുത്തു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “യുദ്ധം അതിന്റെ അവസാന ഘട്ടത്തിലാണ്. രണ്ടാഴ്ചയ്ക്കുള്ളിലോ അതിന് തൊട്ടുപിന്നാലെയോ ദൗത്യം പൂർത്തിയാകും. അതോടെ ഇന്ധനവില കുത്തനെ കുറയും.” ഇങ്ങനെയായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറപ്പിക്കാതെ തന്നെ താൽക്കാലികമായി യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആലോചിക്കുന്നതായി ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ മിസൈൽ ശേഖരവും നാവികസേനയും തകർത്ത സാഹചര്യത്തിൽ ഇനി ആക്രമണം തുടരേണ്ടതില്ലെന്നാണ് ഒരു വിഭാഗം യുഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.

അതേസമയം, സൗദി, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളെക്കൂടി സൈനിക നീക്കത്തിൽ സജീവമാക്കാൻ ട്രംപ് താല്പര്യപ്പെടുന്നുണ്ട്. ചൈന വഴി ഇറാനെ ചർച്ചയ്ക്ക് എത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങളും പാകിസ്ഥാന്റെ നേതൃത്വത്തിൽ അണിയറയിൽ നടക്കുന്നുണ്ട്. വരുന്ന ഏതാനും ദിവസങ്ങൾ ഗൾഫ് മേഖലയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US-Iran-Israel War Updates



