വാഷിങ്ടൺ: ഇറാനുമായുള്ള യുഎസ് സൈനിക നീക്കം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണം വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്ക. ഇറാന്റെ സൈനിക ശേഷിയും ആണവ സംവിധാനങ്ങളും പൂർണ്ണമായും തകർക്കുന്നത് വരെ പിന്തിരിയില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹെഗ്സെത്ത് യുഎസിന്റെ വരാനിരിക്കുന്ന യുദ്ധതന്ത്രങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാൻ തൊടുത്ത മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഇത് ഇറാന്റെ പ്രതിരോധം ദുർബലമാകുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ഭരണകൂടത്തിന്റെ സൈനിക-വ്യാവസായിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തിലേക്ക് യുഎസ് സൈന്യം അടുക്കുകയാണെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. ഇറാന്റെ നാവികസേന, മിസൈൽ ശേഖരങ്ങൾ, ലോഞ്ചറുകൾ എന്നിവയ്ക്ക് പുറമെ ആണവ സംവിധാനങ്ങളും എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് അമേരിക്കൻ നീക്കം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച ലക്ഷ്യങ്ങൾ ഉടൻ പൂർത്തിയാകുമെന്നും നിർണ്ണായക വിജയത്തിന്റെ വക്കിലാണ് അമേരിക്കൻ സൈന്യമെന്നും പ്രതിരോധ സെക്രട്ടറി അവകാശപ്പെട്ടു.
സൈനികമായി തിരിച്ചടി നേരിട്ടതോടെ ഇറാൻ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുകയാണെന്ന് യുഎസ് ആരോപിച്ചു. സ്കൂളുകളും ആശുപത്രികളും കേന്ദ്രീകരിച്ച് മിസൈലുകൾ തൊടുക്കുന്നതിലൂടെ നിരപരാധികളുടെ ജീവൻ ഇറാൻ അപകടത്തിലാക്കുകയാണെന്ന് ഹെഗ്സെത്ത് പറഞ്ഞു. അതേസമയം, ഇറാൻ ജനതയെ നിലവിലെ ഏകാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. എന്നാൽ യുദ്ധം അധികനാൾ നീണ്ടുനിൽക്കില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ആഗോള സാമ്പത്തിക രംഗത്തും ഇന്ധന വിപണിയിലും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
അമേരിക്കൻ സമ്മർദ്ദത്തിന് മുന്നിൽ വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ ഇപ്പോഴും തുടരുന്നത്. ഇറാൻ വെടിനിർത്തലിന് ശ്രമിക്കുന്നുവെന്ന വാർത്തകൾ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖലിബഫ് തള്ളി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടഞ്ഞാൽ ഇറാനെ ഇരുപത് മടങ്ങ് ശക്തമായി ആക്രമിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനിയും രംഗത്തെത്തി. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലോകരാഷ്ട്രങ്ങളും വലിയ ആശങ്കയിലാണ്.
us-iran-conflict-pentagon-update-day-11-
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



