മലാത്യ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവേ, ഇറാന്റെ മിസൈൽ ഭീഷണിയെ ചെറുക്കാൻ അതിർത്തി മേഖലയിൽ സന്നാഹങ്ങൾ ശക്തമാക്കി തുർക്കിയും നാറ്റോയും. കിഴക്കൻ തുർക്കിയിലെ മലാത്യയിലുള്ള കുറേസിക് നാറ്റോ റഡാർ ആസ്ഥാനത്താണ് അമേരിക്കയുടെ അത്യാധുനിക പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം വിന്യസിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്റർ ഉയരത്തിൽ മഞ്ഞുപുതച്ച കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാന കേന്ദ്രം, ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്.
രണ്ടാഴ്ചയായി തുടരുന്ന പോരാട്ടത്തിനിടെ ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലസ്റ്റിക് മിസൈലുകൾ തുർക്കി അധികൃതർ വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പാട്രിയറ്റ് സംവിധാനം പ്രവർത്തനസജ്ജമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഇറാനിയൻ ഭാഗത്തുനിന്നെത്തിയ മൂന്നാമതൊരു മിസൈൽ കൂടി അതിർത്തിയിൽ വെച്ച് തകർത്തതായാണ് വിവരം. തുർക്കിയെ കൂടാതെ അയൽരാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും ഈ റഡാർ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്.
എന്നാൽ, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു. മിസൈലുകൾ പ്രയോഗിക്കാൻ തങ്ങൾ ഉത്തരവിട്ടിട്ടില്ലെന്നാണ് ഇറാന്റെ വാദം. “ഇറാന്റെ പ്രസ്താവനകളും യാഥാർത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യം ചർച്ച ചെയ്യുകയാണ്. നയതന്ത്ര തലത്തിലും സൈനിക തലത്തിലും വിഷയം ഗൗരവമായി കൈകാര്യം ചെയ്യുന്നുണ്ട്,”- തുർക്കി വിദേശകാര്യമന്ത്രി ഹകൻ ഫിദാൻ വ്യക്തമാക്കി. തുർക്കിയിലെ നാറ്റോ താവളങ്ങൾക്ക് സമീപം താമസിക്കുന്നവർക്കിടയിൽ ആശങ്കയും ഒപ്പം സുരക്ഷാ വിശ്വാസവും ഒരുപോലെ നിലനിൽക്കുന്നുണ്ട്.
അത്യാധുനിക സാങ്കേതികവിദ്യ സംരക്ഷണം നൽകുന്നുണ്ടെങ്കിലും, തങ്ങൾ ശത്രുക്കളുടെ പ്രധാന ലക്ഷ്യമായി മാറുമോ എന്ന ഭീതിയും പ്രദേശവാസികൾ പങ്കുവെക്കുന്നു. യുദ്ധം സാമ്പത്തികമായ ഒരു വെല്ലുവിളി കൂടിയായി മാറുന്നുവെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയും ഇസ്രായേലും ഉപയോഗിക്കുന്ന മിസൈലുകൾ ഇറാനിയൻ ആയുധങ്ങളേക്കാൾ കരുത്തുള്ളതാണെങ്കിലും അവയ്ക്ക് വലിയ ചെലവ് വരുന്നുണ്ട്.
ഇറാൻ അയക്കുന്ന 60,000 ഡോളർ മാത്രം വിലയുള്ള ഡ്രോണുകളെ തകർക്കാൻ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന മിസൈലുകളാണ് ഉപയോഗിക്കേണ്ടി വരുന്നത്. ഇതൊരു ‘സാമ്പത്തിക യുദ്ധം’ കൂടിയാണെന്ന് മുൻ നാറ്റോ കമാൻഡർ ഡേവിഡ് ഫ്രേസർ നിരീക്ഷിക്കുന്നു. ഹോർമുസ് കടലിടുക്ക് പോലുള്ള മേഖലകൾ തടസ്സപ്പെടുത്തി ലോകക്രമത്തെ സമ്മർദ്ദത്തിലാക്കാനാണ് ഇറാന്റെ നീക്കം. യുദ്ധം പടരാതിരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന നിലപാടിലാണ് തുർക്കി സൈന്യം.
us-has-underestimated-irans-means-to-fight-says-former-canadian-general
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



