വാഷിങ്ടൻ: റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രെയ്ന് നൽകുമെന്ന് ഉറപ്പുനൽകിയിരുന്ന അത്യാധുനിക ആയുധങ്ങൾ പശ്ചിമേഷ്യയിലെ യുദ്ധമുഖത്തേക്ക് വകമാറ്റാൻ യുഎസ് സൈന്യം ആലോചിക്കുന്നു. ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെ അമേരിക്കയുടെ ആയുധശേഖരത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. പേട്രിയറ്റ്, താഡ് (THAAD) എന്നീ പ്രതിരോധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളാണ് ഇത്തരത്തിൽ വഴിമാറ്റാൻ സാധ്യതയുള്ളത്. നാറ്റോയുടെ പ്രത്യേക പദ്ധതി പ്രകാരം യൂറോപ്യൻ രാജ്യങ്ങൾ പണം നൽകി യുക്രെയ്നായി ഓർഡർ ചെയ്ത ആയുധങ്ങളാണ് പശ്ചിമേഷ്യയിലേക്ക് മാറ്റുന്നത് എന്നതുകൊണ്ടുതന്നെ വിഷയം നയതന്ത്രതലത്തിലും ചർച്ചയാകുകയാണ്.
ഫെബ്രുവരി 28-ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുഎസ് സെൻട്രൽ കമാൻഡ് അതിശക്തമായ തിരിച്ചടിയാണ് നൽകുന്നത്. വെറും നാല് ആഴ്ചയ്ക്കുള്ളിൽ ഒൻപതിനായിരത്തിലധികം ലക്ഷ്യസ്ഥാനങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇതിനിടെ പശ്ചിമേഷ്യയിലെ യുഎസ് സഖ്യകക്ഷികൾ മൂന്ന് ദിവസത്തിനുള്ളിൽ പ്രയോഗിച്ചത് 800-ലധികം പേട്രിയറ്റ് മിസൈലുകളാണ്. റഷ്യയുമായുള്ള നാല് വർഷത്തെ യുദ്ധത്തിനിടയിൽ യുക്രെയ്ൻ ഉപയോഗിച്ച ആകെ മിസൈലുകളേക്കാൾ കൂടുതലാണിതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ചൂണ്ടിക്കാട്ടി.

യുദ്ധത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ യുഎസ് കുറഞ്ഞത് 12 ബില്യൻ ഡോളർ ചെലവാക്കിയതായാണ് കണക്ക്. പ്രതിദിനം രണ്ട് ബില്യൻ ഡോളറാണ് നിലവിലെ യുദ്ധച്ചെലവ്. ആയുധശേഖരം പുതുക്കാൻ മാത്രം 200 ബില്യൻ ഡോളറിന്റെ അധിക ബജറ്റ് പെന്റഗൺ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ ആയുധങ്ങളുടെ ഉൽപാദനക്കുറവും അമേരിക്കയെ വലയ്ക്കുന്നുണ്ട്. ലോകത്തെ പ്രമുഖ ആയുധ നിർമ്മാതാക്കളായ ലോക്ഹീഡ് മാർട്ടിൻ പ്രതിവർഷം 600 പിഎസി-3 (PAC-3) ഇന്റർസെപ്റ്ററുകൾ മാത്രമാണ് നിർമ്മിക്കുന്നത്. എന്നാൽ നിലവിലെ ആവശ്യത്തിന് ഇത് ഒട്ടും മതിയാകില്ലെന്നാണ് വിലയിരുത്തൽ. ജോർദാനിലെ മുവാഫാക്ക് സാൾട്ടി എയർബേസിലെ റഡാർ സംവിധാനം തകർക്കപ്പെട്ടതും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് ഡോളർ വിലയുള്ള പേട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയുള്ള ഇറാനിയൻ ഡ്രോണുകളെ വെടിവച്ചിടുന്നത് സാമ്പത്തികമായി ലാഭകരമല്ലെന്ന് അമേരിക്ക തിരിച്ചറിയുന്നുണ്ട്. ഇതിന് പകരമായി ഡ്രോണുകളെ നേരിടാൻ യുക്രെയ്ൻ വികസിപ്പിച്ചെടുത്ത കുറഞ്ഞ ചെലവിലുള്ള ഇന്റർസെപ്റ്റർ ഡ്രോൺ സാങ്കേതികവിദ്യ കൈമാറാമെന്ന് വോളോഡിമിർ സെലെൻസ്കി അറിയിച്ചു. തങ്ങൾക്ക് ആവശ്യമുള്ള പേട്രിയറ്റ് മിസൈലുകൾ ലഭ്യമാക്കിയാൽ ഈ സാങ്കേതികവിദ്യ യുഎസിനും അറബ് രാജ്യങ്ങൾക്കും നൽകാമെന്നാണ് യുക്രെയ്ന്റെ നിലപാട്. പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുപോയാൽ അത് യുക്രെയ്ന്റെ പ്രതിരോധത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ നാറ്റോ രാജ്യങ്ങൾ.
us-bleeding-billions-in-iran-war-may-divert-weapons-meant-for-ukraine-vs-russia-to-west-asia-conflict
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



