ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കൻ സൈനിക സാന്നിധ്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇറാൻ ആവിശ്യപ്പെട്ടു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ മണ്ണിൽ നിന്ന് യുഎസ് താവളങ്ങൾ നീക്കം ചെയ്താൽ മാത്രമേ ഇറാന്റെ മിസൈൽ ഭീഷണിയിൽ നിന്ന് ഒഴിവാകാൻ സാധിക്കൂ എന്ന് ഇറാനിയൻ എംപി മുന്നറിയിപ്പ് നൽകിയതായി ‘ടെഹ്‌റാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യ്തു. മിഡിൽ ഈസ്റ്റിലെ സംഘർഷം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ കടുത്ത ഭീഷണി ഉയർന്നിരിക്കുന്നത്.
അതിനിടെ, യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിൽ ഇറാനിലെ മരണസംഖ്യ 1230 ആയി ഉയർന്നു. വ്യാഴാഴ്ചയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം തുടർന്നു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലും ആക്രമണങ്ങൾ ശക്തമാണ്. മേഖലയിലെ സംഘർഷം നിയന്ത്രണാതീതമായി തുടരുമ്പോൾ, അയൽ രാജ്യങ്ങൾ അമേരിക്കയുമായി പുലർത്തുന്ന സൈനിക സഹകരണം അവസാനിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
ശ്രീലങ്കൻ തീരത്ത് ഇറാന്റെ യുദ്ധക്കപ്പൽ മുക്കിയതിന് അമേരിക്ക കടുത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ പേർഷ്യൻ ഗൾഫിൽ യുഎസ് പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ സായുധ സേനയായ ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര കപ്പൽ ചാനലുകളിൽ ഇറാൻ ആക്രമണം തുടങ്ങിയത് ആഗോള എണ്ണ വിപണിയെയും ആശങ്കയിലാക്കുന്നു.
പശ്ചിമേഷ്യയിലെ സൈനിക വിന്യാസത്തിന്റെ ഭൂപടം താഴെ നൽകുന്നു:
നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യത മങ്ങുകയാണ്. ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പ്രഖ്യാപിച്ചതോടെ മേഖലയിൽ ഒരു പൂർണ്ണമായ യുദ്ധത്തിനുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ട്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ എപ്രകാരം നേരിടുമെന്ന കാര്യത്തിൽ ഇറാൻ തങ്ങളുടെ സൈനിക തന്ത്രങ്ങൾ പരിഷ്കരിച്ചു വരികയാണെന്നും സൂചനയുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US bases must be removed, or missile threat will continue: Iran warns Gulf countries



