വിൻസർ: നിർമ്മാണം പൂർത്തിയായി വരുന്ന കാനഡ-യുഎസ് അതിർത്തിയിലെ ഗോർഡി ഹോവ് അന്താരാഷ്ട്ര പാലത്തിൽ വൻ സുരക്ഷാവീഴ്ച. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ 28-കാരനായ കനേഡിയൻ പൗരൻ പാലം വഴി അതിർത്തി കടന്ന് അമേരിക്കയിൽ പ്രവേശിച്ചു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
മാർച്ച് ആറിനാണ് സംഭവം നടന്നത്. കാനഡയിൽ നിന്ന് കാൽനടയായാണ് ഇയാൾ പാലം കടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്ത ഈ പാലത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കെയാണ് യുവാവ് അതിർത്തി കടന്നതെന്നത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി കാനഡയിലേക്ക് തന്നെ തിരിച്ചയച്ചു. ഇയാൾക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് സ്ഥിരമായ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
മുൻപ് ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് പിടിയിലായതെന്ന് സിബിപി വക്താവ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് ഈ നുഴഞ്ഞുകയറ്റം തടയാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കർശനമായ നിരീക്ഷണമുള്ള മേഖലയിൽ ഇയാൾ എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് കനേഡിയൻ അതിർത്തി ഏജൻസികളോട് (CBSA) യുഎസ് അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്.
ഇതാദ്യമായല്ല ഗോർഡി ഹോവ് പാലത്തിൽ ഇത്തരം സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ട്രക്ക് അമേരിക്കൻ ഭാഗത്തുനിന്ന് പാലം വഴി കാനഡയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. അന്ന് കനേഡിയൻ അതിർത്തി സേന ട്രക്ക് തടയുകയും തിരികെ അയക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ വേലികളും ബാരിക്കേഡുകളും സ്ഥാപിച്ച് സുരക്ഷ വർധിപ്പിച്ചതായി അധികൃതർ അവകാശപ്പെട്ടിരുന്നെങ്കിലും പുതിയ നുഴഞ്ഞുകയറ്റം വീണ്ടും ചോദ്യങ്ങൾ ഉയർത്തുകയാണ്. വിൻസർ-ഡെട്രോയിറ്റ് ബ്രിഡ്ജ് അതോറിറ്റിയും കനേഡിയൻ അതിർത്തി ഏജൻസിയും സംഭവത്തെക്കുറിച്ച് നിലവിൽ അന്വേഷണം നടത്തിവരികയാണ്.
us-agents-arrest-canadian-crossing-gordie-howe-international-bridge
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



