71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രശസ്ത നടി ഉർവശി. ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് നടൻ പൃഥ്വിരാജ് സുകുമാരന് പുരസ്കാരം നിഷേധിക്കപ്പെട്ടതിൽ അവർ കടുത്ത വിമർശനമുന്നയിച്ചു. ഒരു അഭിമുഖത്തിലാണ് ഉർവശി ഈ വിഷയം തുറന്നു സംസാരിച്ചത്. ‘ആടുജീവിതം’ പോലുള്ള ഒരു സിനിമയിലെ മികച്ച പ്രകടനത്തെ ദേശീയ പുരസ്‌കാര ജൂറിക്ക് എങ്ങനെ അവഗണിക്കാനായി എന്ന ചോദ്യമാണ് അവർ പ്രധാനമായും ഉന്നയിക്കുന്നത്. കൂടാതെ, ഈ പുരസ്‌കാര നിഷേധത്തിന് പിന്നിൽ ‘എമ്പുരാൻ’ എന്ന സിനിമയാണെന്ന് എല്ലാവർക്കും അറിയാമെന്നും അവർ ആരോപിച്ചു. പുരസ്‌കാര നിർണ്ണയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന ശക്തമായ നിലപാടും ഉർവശി സ്വീകരിച്ചു.
‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ച ഉർവശി, താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്തതുകൊണ്ടാണ് ഭയമില്ലാതെ സത്യം തുറന്നു പറയാൻ കഴിയുന്നതെന്ന് വ്യക്തമാക്കി. തനിക്കു വേണ്ടിയല്ല, മറിച്ച് തന്റെ പിന്നാലെ വരുന്ന യുവ തലമുറയിലെ കലാകാരന്മാർക്ക് വേണ്ടിയാണ് താൻ ശബ്ദമുയർത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഭാവിയിൽ ആരും അവാർഡ് കിട്ടിയപ്പോൾ ഉർവശി മിണ്ടാതിരുന്നു എന്ന് പറയാതിരിക്കാനാണ് ഈ ഇടപെടലെന്ന് അവർ പറഞ്ഞു. പ്രധാന കഥാപാത്രങ്ങളെ സഹനടിക്കുള്ള പുരസ്കാരത്തിന് പരിഗണിക്കുമ്പോൾ യഥാർത്ഥ സഹനടീനടന്മാർക്ക് എന്ത് പ്രചോദനമാണ് ലഭിക്കുന്നതെന്നും ഉർവശി ചോദിച്ചു. ‘ആടുജീവിതം’ പോലുള്ള പ്രമേയത്തിൽ നജീബിന്റെ ജീവിതം അവതരിപ്പിക്കാൻ കടുത്ത ശാരീരിക മാറ്റങ്ങളിലൂടെ കടന്നുപോയ ഒരു നടനെ എങ്ങനെ അവഗണിക്കാനായി എന്നതിൽ അവർ അത്ഭുതം പ്രകടിപ്പിച്ചു.
വിജയരാഘവന്റെ ‘പൂക്കാലം’ എന്ന സിനിമയിലെ പ്രകടനത്തെക്കുറിച്ചും ഉർവശി സംസാരിച്ചു. പതിറ്റാണ്ടുകളായി അഭിനയരംഗത്തുള്ള അദ്ദേഹത്തിന് ഇനിയൊരിക്കൽ ഇങ്ങനെയൊരു കഥാപാത്രം ലഭിക്കുമോ എന്ന് സംശയമാണെന്നും. ദേശീയ പുരസ്‌കാരങ്ങളുടെ കാര്യത്തിലും പുനർമൂല്യ നിർണ്ണയം ആവശ്യമാണെന്നും, നീതിമാത്രമാണ് നടപ്പാകേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. 53-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര സമയത്ത് തനിക്ക് അവാർഡ് ലഭിക്കാതിരുന്നിട്ടും താൻ ശബ്ദമുയർത്താതിരുന്നത്, അവാർഡ് ലഭിച്ച സരികയുടെ വ്യക്തിപരമായ പ്രയാസങ്ങൾ പരിഗണിച്ചാണെന്നും എന്നാൽ ഇത്തവണ മിണ്ടാതിരിക്കാനാകില്ലെന്നും ഉർവശി പറഞ്ഞു.
പുരസ്കാരങ്ങൾ പ്രാദേശിക പരിഗണനകൾക്കപ്പുറം കഴിവിന് മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ദക്ഷിണേന്ത്യയിലെ പ്രതിഭകളെ നിസ്സാരമായി കാണരുതെന്നും, അവർ നൽകുന്നത് സ്വീകരിച്ച് ഞങ്ങൾ സന്തോഷിക്കുമെന്ന് കരുതരുതെന്നും ഉർവശി ജൂറിയെ ഓർമ്മിപ്പിച്ചു. കൂടുതൽ വിദ്യാഭ്യാസം ലഭിച്ചതും ആത്മവിശ്വാസമുള്ളതുമായ ഈ തലമുറ ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യും. അതിന്റെ പ്രത്യാഘാതങ്ങളെ താൻ ഭയപ്പെടുന്നില്ലെന്നും, പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമല്ലോ എന്നും പറഞ്ഞുകൊണ്ട് ഉർവശി തന്റെ നിലപാട് വ്യക്തമാക്കി. താൻ പുരസ്‌കാരങ്ങൾക്ക് പിന്നാലെ പോകുന്ന ആളല്ലെന്നും, പക്ഷെ ലഭിക്കുമ്പോൾ അത് നീതിപൂർവ്വകമാകണമെന്നും അവർ കൂട്ടിച്ചേർത്തു.



