വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരുടെ വസതികൾക്ക് മുകളിൽ അജ്ഞാത ഡ്രോണുകൾ കണ്ടെത്തി. വാഷിംഗ്ടണിലെ ഫോർട്ട് മക്‌നയർ സൈനിക താവളത്തിന് മുകളിലാണ് വ്യാഴാഴ്ച ദുരൂഹ സാഹചര്യത്തിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. അതീവ സുരക്ഷാ മേഖലയിൽ ഡ്രോണുകൾ എത്തിയത് എവിടെനിന്നാണെന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് സ്റ്റേറ്റ് സെക്രട്ടറിയെയും പ്രതിരോധ സെക്രട്ടറിയെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതടക്കമുള്ള അടിയന്തര നടപടികൾ ഭരണകൂടം ആലോചിച്ചു വരികയാണ്. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് പെന്റഗണും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് യുഎസ് സൈന്യത്തിന് രാജ്യമൊട്ടാകെ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരാക്രമണ ഭീഷണികളെ പ്രതിരോധിക്കുന്നതിനായുള്ള ‘FPCON Charlie’ സുരക്ഷാ ക്രമീകരണത്തിലേക്ക് പല സൈനിക താവളങ്ങളെയും മാറ്റി. വൈറ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. വിദേശങ്ങളിലെ യുഎസ് നയതന്ത്ര കാര്യാലയങ്ങൾക്കും പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Unidentified drones spotted above US Secretary of State's residence; US on high alert



