കൊച്ചി: മലയാള സിനിമയിൽ പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ‘മാർക്കോ’ എന്ന ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെൻ്റ്-ഹനീഫ് അദനി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ‘ലോർഡ് മാർക്കോ’ എന്ന് പേരിട്ടതായി നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. കന്നഡ സൂപ്പർതാരം യാഷ് ചിത്രത്തിൽ നായകനായി എത്തുമെന്നും സൂചനകളുണ്ട്. ‘ലോർഡ് മാർക്കോ’ എന്ന പേര് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്ത രേഖകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ആദ്യഭാഗം ‘മാർക്കോ’ ഒരുക്കിയ ക്യൂബ്സ് എന്റർടൈൻമെൻ്റ് ബാനറിൽ ഷെരീഫ് മുഹമ്മദ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘മാർക്കോ’യുടെ അതേ മാസ്സ് ആക്ഷൻ സ്വഭാവത്തിൽ, അതിനെക്കാൾ വലിയ കാൻവാസിൽ ആയിരിക്കും ‘ലോർഡ് മാർക്കോ’ ഒരുങ്ങുന്നത് എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. എന്നാൽ, ഈ പദ്ധതിയിൽനിന്ന് താൻ പിന്മാറിയതായി നേരത്തെ നായകൻ ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. ‘മാർക്കോ 2’ നെക്കുറിച്ച് ഒരാൾ ചോദിച്ച കമൻ്റിന് മറുപടിയായാണ് ഉണ്ണി മുകുന്ദൻ ഈ വിവരം പങ്കുവെച്ചത്. “മാർക്കോ സീരീസ് തുടരാനുള്ള ആലോചന ഞാൻ അവസാനിപ്പിച്ചു.
ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. അതിനേക്കാൾ മികച്ചതും വലുതുമായ ഒരു സിനിമ കൊണ്ടുവരാൻ ഞാൻ ശ്രമിക്കും,” എന്നായിരുന്നു ഉണ്ണി മുകുന്ദൻ്റെ പ്രതികരണം. ഇതിനിടെയാണ് പുതിയ ചിത്രം വരുന്നെന്ന നിർമ്മാതാക്കളുടെ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്. ഉണ്ണി മുകുന്ദൻ പിന്മാറിയതോടെയാണ് യാഷിനെ സമീപിച്ചതെന്നാണ് സിനിമാ മേഖലയിലെ സംസാരം.
എന്നാൽ ചിത്രത്തിലെ നായകനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ‘മാർക്കോ’ നൂറ് കോടി ക്ലബിൽ ഇടം നേടിയിരുന്നു. മലയാളത്തിലും മറ്റ് ഭാഷകളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ വലിയ ക്യാൻവാസിൽ വരുമെന്ന് നേരത്തെ അണിയറപ്രവർത്തകർ സൂചിപ്പിച്ചിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



