റഷ്യയുമായുള്ള സമാധാന സാധ്യതകൾ മങ്ങിവരുമ്പോൾ, യുദ്ധകാല മാനേജ്‌മെന്റിനെ പുനരുജ്ജീവിപ്പിക്കാൻ യുക്രൈൻ മന്ത്രിസഭയിൽ വൻ അഴിച്ചുപണി,പുതിയ പ്രധാനമന്ത്രിയായി യൂലിയ സ്വൈറിഡെങ്കോ അധികാരമേറ്റു. പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുടെ നേതൃത്വത്തിൽ നടന്ന ഈ വലിയ മന്ത്രിസഭാ അഴിച്ചുപണി, രാജ്യത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാമ്പത്തിക വെല്ലുവിളികളെ നേരിടാനും ലക്ഷ്യമിടുന്നു.
39 വയസ്സുകാരിയായ യൂലിയ സ്വൈറിഡെങ്കോയാണ് യുക്രൈനിന്റെ പുതിയ പ്രധാനമന്ത്രി. ആഭ്യന്തര ആയുധ നിർമ്മാണം വർദ്ധിപ്പിക്കാനും വായ്പാ ആശ്രിതത്വമുള്ള യുക്രൈന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുമുള്ള ചുമതലയാണ് പ്രസിഡന്റ് സെലെൻസ്‌കി അവരെ ഏൽപ്പിച്ചിരിക്കുന്നത്. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ, ആറ് മാസത്തിനുള്ളിൽ യുക്രൈൻ യുദ്ധക്കളത്തിൽ ആഭ്യന്തര ആയുധങ്ങളുടെ പങ്ക് 40% ൽ നിന്ന് 50% ആയി ഉയർത്താൻ പുതിയ സർക്കാരിന് കഴിയുമെന്ന് സെലെൻസ്‌കി പ്രതീക്ഷ പ്രകടിപ്പിച്ചു. ഫെബ്രുവരി 2022-ലെ റഷ്യൻ അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ ഈ സർക്കാർ അഴിച്ചുപണിയിലൂടെ, നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സഖ്യകക്ഷികളുമായുള്ള സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനും ഊന്നൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത ആറ് മാസത്തേക്കുള്ള ഞങ്ങളുടെ മുൻഗണനകൾ വ്യക്തമാണ്: സൈന്യത്തിന് വിശ്വസനീയമായ വിതരണം, ആഭ്യന്തര ആയുധ ഉത്പാദനം വികസിപ്പിക്കുക, ഞങ്ങളുടെ പ്രതിരോധ സേനയുടെ സാങ്കേതിക ശക്തി വർദ്ധിപ്പിക്കുക,”എന്ന് അവർ എക്സിൽ കുറിച്ചു. കൂടാതെ, മുൻ പ്രധാനമന്ത്രി ഡെനിസ് ഷിംഹാലിനെ പ്രതിരോധ മന്ത്രിയായും സ്വെറ്റ്ലാന ഹ്രിൻചുക്കിനെ ഊർജ്ജ മന്ത്രിയായും പാർലമെന്റ് നിയമിച്ചു. സാമ്പത്തിക, പരിസ്ഥിതി, കൃഷി മന്ത്രിമാരായും യൂറോപ്യൻ ഏകീകരണത്തിനായുള്ള ഡെപ്യൂട്ടി പ്രധാനമന്ത്രിയായും പുതിയ നിയമനങ്ങൾ നടന്നിട്ടുണ്ട്.
റഷ്യൻ സൈന്യം ആയിരം കിലോമീറ്ററിലധികം വരുന്ന അതിർത്തിയിൽ ആക്രമണം ശക്തമാക്കുകയും യുക്രൈൻ നഗരങ്ങളിൽ വ്യോമാക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്വൈറിഡെങ്കോ സർക്കാർ ചുമതലയേൽക്കുന്നത്. വിദേശ നിക്ഷേപത്താൽ വളരുന്ന പ്രതിരോധ വ്യവസായത്തെ ആശ്രയിച്ചാണ് റഷ്യയുടെ വലിയ സൈന്യത്തെ നേരിടാൻ യുക്രൈൻ ശ്രമിക്കുന്നത്. അടുത്ത വർഷം ഏകദേശം 19 ബില്യൺ ഡോളറിന്റെ സാമ്പത്തിക കമ്മി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുമ്പോൾ, ധനകാര്യങ്ങളുടെ സമ്പൂർണ്ണ ഓഡിറ്റ് നടത്താനും വലിയ തോതിലുള്ള സ്വകാര്യവൽക്കരണങ്ങൾ ത്വരിതപ്പെടുത്താനും സംരംഭകരെ സഹായിക്കാനും പുതിയ സർക്കാർ ലക്ഷ്യമിടുന്നു.
Ukraine's new Prime Minister; Yulia Svyarydenko takes office!



