മൂന്നു വർഷമായി തുടരുന്ന റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സമാധാന കരാറിനുള്ള രൂപരേഖ ഇരുരാജ്യങ്ങളും കൈമാറി. ഇസ്തംബൂളിൽ നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും രൂപരേഖ കൈമാറിയത്. രൂപരേഖ തയ്യാറാക്കിയത് റഷ്യയാണ്. ഈ രേഖ റഷ്യ തന്നെ പുറത്തുവിടുകയും ചെയ്തു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുന്നതിന് അവസരമൊരുക്കാൻ മൂന്നു ദിവസം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും വെടിനിർത്തലിന്റെ മാനദണ്ഡങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. വെടിനിർത്തലിനുള്ള ഏതാനും നിർദേശങ്ങളും റഷ്യ മുന്നോട്ടുവച്ചു.
ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, കെർസൺ എന്നിവിടങ്ങളിൽ നിന്ന് യുക്രെയ്ൻ പൂർണമായി പിന്മാറണമെന്നും പിന്മാറ്റം മുപ്പതു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സമയബന്ധിതമായി ഇതു നടപ്പാക്കിയാൽ ആക്രമണം നിർത്താമെന്നും റഷ്യ വ്യക്തമാക്കി. യുക്രെയ്ൻ വിദേശ സൈനിക സഹായവും സൈനിക നീക്കവും മരവിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
എന്നാൽ, മുപ്പതു ദിവസമെങ്കിലും പൂർണവും നിരുപാധികവുമായ വെടിനിർത്തൽ നടപ്പാക്കാതെ ചർച്ച സാധ്യമല്ലെന്നാണ് യുക്രൈന്റെ നിലപാട്. വെടിനിർത്തൽ യുഎസിന്റെ നിരീക്ഷണത്തിലും മറ്റു രാജ്യങ്ങളുടെ പിന്തുണയിലുമായിരിക്കണം. യുക്രെയ്നിൽ നിന്നു റഷ്യ പിടികൂടിയ കുട്ടികൾ, മുതിർന്നവർ, ഇരു രാജ്യങ്ങളിലെയും യുദ്ധത്തടവുകാർ എന്നിവരെ സ്വന്തം രാജ്യങ്ങൾക്കു വിട്ടുകൊടുത്ത് പരസ്പര വിശ്വാസം മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു.



