റഷ്യൻ നഗരങ്ങളിൽ യുക്രേനിയൻൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ ഗവർണർമാർ ശനിയാഴ്ച അറിയിച്ചു. പെൻസ മേഖലയിൽ ഒരു പ്രാദേശിക സ്ഥാപനത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർ ഒലെഗ് മെൽനിച്ചെങ്കോ റിപ്പോർട്ട് ചെയ്തു. സമാറ മേഖലയിൽ, ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിച്ചതിനെ തുടർന്ന് ഒരു വയോധികൻ മരിച്ചതായി ഗവർണർ വ്യാചെസ്ലാവ് ഫെഡോറിഷെവ് അറിയിച്ചു.
റോസ്തോവ് മേഖലയിൽ ഒരു വ്യാവസായിക സ്ഥാപനത്തിലെ കാവൽക്കാരൻ ഡ്രോൺ ആക്രമണത്തിലും തീപിടുത്തത്തിലും കൊല്ലപ്പെട്ടതായി റോസ്തോവ് ഗവർണർ യൂറി സ്ലിയൂസർ പറഞ്ഞു. നിരവധി ഡ്രോണുകളെ സൈന്യം വെടിവെച്ചിട്ടതായി ഗവർണർ യൂറി സ്ലിയൂസർ ടെലിഗ്രാമിലൂടെ അറിയിച്ചു. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഒൻപത് മണിക്കൂറിനുള്ളിൽ 112 ഉക്രേനിയൻ ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 34 എണ്ണം റോസ്തോവ് മേഖലയിൽ വെച്ചാണ് തകർത്തത്.
യുക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ പുടിനുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വെടിനിർത്തൽ ആവശ്യങ്ങൾ നിരസിച്ചു. യുക്രയ്ൻ തങ്ങളുടെ പ്രദേശങ്ങൾ വിട്ടുനൽകുകയും നാറ്റോയിൽ ചേരാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയും ചെയ്യണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് പുടിൻ അറിയിച്ചു.
അതിനിടെ, യുക്രേനിലെ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ഗവർണർ സെർജി ലിസാക് അറിയിച്ചു. നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.



