യു.കെ. പ്രധാനമന്ത്രി കെയിർ സ്റ്റാർമർ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നു. കനാനസ്കിസിൽ നടക്കുന്ന G7 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുൻപാണ് സ്റ്റാർമർ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തുന്നത്.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള വിഷയങ്ങളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഈ സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി7 ഉച്ചകോടിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും തമ്മിൽ പ്രാഥമിക ചർച്ചകൾ നടത്തുമെന്നും സൂചനയുണ്ട്.
സാമ്പത്തിക, സുരക്ഷാ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കൂടിക്കാഴ്ചയിൽ പ്രാധാന്യം നൽകുന്നത്. മാർച്ചിൽ കാർണി ലണ്ടനും പാരീസും സന്ദർശിച്ചിരുന്നു. അന്ന് 10 ഡൗണിംഗ് സ്ട്രീറ്റിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ആഗോള ജോപോളിറ്റിക്കൽ മാറ്റങ്ങൾക്കിടയിൽ ആഴത്തിലുള്ള സഹകരണത്തിന്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞിരുന്നു.
“ലോകം പുനഃക്രമീകരിക്കപ്പെടുന്ന” ഒരു കാലഘട്ടമാണിതെന്ന് കാർണി അന്ന് വിശേഷിപ്പിക്കുകയും, G7 ചട്ടക്കൂടിനുള്ളിൽ കാനഡ-യുകെ സുരക്ഷാ സഹകരണത്തിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തിരുന്നു.താരിഫുകളിൽ നിന്ന് കാനഡയ്ക്ക് യു.കെ.യുമായുള്ള കരാറിലൂടെ ഇളവ് ലഭിച്ചിട്ടുണ്ട്. രണ്ട് മധ്യ-ഇടതുപക്ഷ G7 നേതാക്കൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച, സുരക്ഷാ ബന്ധങ്ങളും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്താനുള്ള നീക്കമായും വിലയിരുത്തപ്പെടുന്നു.


