കാൽഗറി: ആൽബർട്ടയിൽ അധികാരത്തിലിരിക്കുന്ന യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിക്ക് (യുസിപി) കനത്ത വെല്ലുവിളിയുയർത്തി ഒമ്പത് നിയമസഭാംഗങ്ങളെ (എംഎൽഎ) തിരിച്ചുവിളിക്കാനുള്ള (റീക്കോൾ) ഹർജികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. ഇതിൽ ആറ് പുതിയ എംഎൽഎമാരുടെ ഹർജികൾക്കാണ് തിങ്കളാഴ്ച ഇലക്ഷൻസ് ആൽബർട്ട അനുമതി നൽകിയത്. ഈ നടപടികൾ പ്രീമിയർ ഡാനിയൽ സ്മിത്തിന്റെ സർക്കാരിന്റെ ഭൂരിപക്ഷത്തിന് തന്നെ ഭീഷണിയാകാൻ സാധ്യതയുണ്ട്.
തിരിച്ചുവിളിക്കാനുള്ള അപേക്ഷകൾ ലഭിച്ചവരിൽ കാബിനറ്റ് മന്ത്രിമാരായ രാജൻ സാഹ്‌നി, മൈൽസ് മക്‌ഡൂഗൽ, ഡെയ്ൽ നാലി, ആർ.ജെ. സിഗർഡ്‌സൺ എന്നിവരും സഭാ സ്പീക്കർ റിക് മക്‌ഐവർ, അസോസിയേറ്റ് മന്ത്രി മുഹമ്മദ് യാസീൻ എന്നിവരും ഉൾപ്പെടുന്നു. വിദ്യാഭ്യാസമന്ത്രി ഡിമിട്രിയോസ് നിക്കോളൈഡ്‌സ് ഉൾപ്പെടെയുള്ള മൂന്ന് എംഎൽഎമാർക്കെതിരായ ഹർജികൾക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. സർക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തിയാണ് ഹർജികൾക്ക് പിന്നിലെ പ്രധാന കാരണം. അധ്യാപക സമരത്തെ അടിച്ചമർത്താൻ സർക്കാർ ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ചതാണ് പല അപേക്ഷകരെയും പ്രകോപിപ്പിച്ചത്.
എന്നാൽ, ഈ നീക്കങ്ങളെ യുസിപി നേതൃത്വം ശക്തമായി വിമർശിച്ചു. സർക്കാർ നയങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ‘റീക്കോൾ’ നിയമത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് മന്ത്രിമാർ ആരോപിച്ചു. ഗുരുതരമായ ദുഷ്‌പെരുമാറ്റത്തിന് മാത്രമേ ഈ നിയമം ഉപയോഗിക്കാൻ പാടുള്ളൂ എന്നും, ഇത് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും കൃഷിമന്ത്രി ആർ.ജെ. സിഗർഡ്‌സൺ പ്രതികരിച്ചു. അതേസമയം, തങ്ങളുടെ പ്രാദേശിക പ്രശ്നങ്ങളോട് എംഎൽഎമാർ പ്രതികരിക്കുന്നില്ലെന്ന പരാതികളും അപേക്ഷകർ ഉന്നയിക്കുന്നു.
നിലവിൽ 87 അംഗ സഭയിൽ 47 പേരുടെ ഭൂരിപക്ഷമാണ് യുസിപിക്കുള്ളത്. 38 അംഗങ്ങളാണ് പ്രതിപക്ഷമായ എൻഡിപിക്കുള്ളത്. ഈ ഒമ്പത് എംഎൽഎമാരെയും തിരിച്ചുവിളിച്ചാൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. റീക്കോൾ ആവശ്യപ്പെട്ടുള്ളവർക്ക് ആവശ്യമായ ഒപ്പുകൾ ശേഖരിക്കാൻ മൂന്ന് മാസത്തെ സമയമുണ്ട്. നിയമത്തിന്റെ ‘ചുവടുപിടിച്ചുള്ള ആവേശം’ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന ആശങ്ക പ്രീമിയർ ഡാനിയൽ സ്മിത്ത് പങ്കുവെച്ചു. ഈ നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അവർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
UCP MLAs walk out! Threat to Smith government in Alberta



