പുതിയൊരു തൊഴിലാളി മുന്നേറ്റത്തിന് തിരികൊളുത്തിക്കൊണ്ട്, ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിൽ ഊബർ ഡ്രൈവർമാർ ഔദ്യോഗികമായി യൂണിയൻ രൂപീകരിച്ചു. ഇത് കനേഡിയൻ തൊഴിൽ മേഖലയിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്. പ്രാവിശ്യാതല ലേബർ റിലേഷൻസ് ബോർഡിന്റെ അംഗീകാരം നേടിയ ഇവർ, കാനഡയിൽ പ്രവിശ്യാതലത്തിൽ അംഗീകാരം നേടുന്ന ആദ്യ ഗിഗ് തൊഴിലാളി കൂട്ടായ്മയായി മാറി.
500-ൽ അധികം ഊബർ ഡ്രൈവർമാർ യൂണിയൻ കാർഡുകളിൽ ഒപ്പുവെച്ചതിലൂടെയാണ് യുണൈറ്റഡ് ഫുഡ് ആൻഡ് കൊമേഴ്സ്യൽ വർക്കേഴ്സ് യൂണിയൻ (UFCW) ലോക്കൽ 1518-ന്റെ ഭാഗമായി ഇവർക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത്. ഈ സുപ്രധാന നീക്കം ഡ്രൈവർമാർക്ക് അവരുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് തുറന്നുസംസാടാനും, ആരോഗ്യ സുരക്ഷ, മെച്ചപ്പെട്ട വേതനം, ആപ്പ് റേറ്റിംഗ് സിസ്റ്റം, അക്കൗണ്ട് ഡീആക്ടിവേഷൻ തുടങ്ങിയ വിഷയങ്ങളിൽ കൂട്ടായ ചർച്ചകൾ നടത്താനും അവസരം നൽകും.
ഏകദേശം ഒരു വർഷത്തോളം നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് ഈ യൂണിയൻ അംഗീകാരം നേടിയതെന്ന് UFCW കാനഡയുടെ ‘എമർജിംഗ് സെക്ടേഴ്സ് ഡയറക്ടർ’ പാബ്ലോ ഗോഡോയി വ്യക്തമാക്കി. ഊബർ പ്ലാറ്റ്‌ഫോമിന്റെ തനതായ പ്രവർത്തനരീതി കാരണം തൊഴിലാളികളെ സംഘടിപ്പിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.സി. ലേബർ നിയമപ്രകാരം, ജോലിസ്ഥലത്തെ 55% തൊഴിലാളികൾ യൂണിയൻ കാർഡിൽ ഒപ്പുവെച്ചാൽ നിയമപരമായ അംഗീകാരം ലഭിക്കും. ഈ നിബന്ധനകൾ ഡ്രൈവർമാർ പാലിച്ചതായി ബോർഡ് വിലയിരുത്തി.
പുതിയ ഗിഗ് തൊഴിലാളി നിയമങ്ങൾ 2024 ഓഗസ്റ്റിൽ ബി.സി. സർക്കാർ നടപ്പിലാക്കിയിരുന്നു.
ഇത് പ്രകാരം മിനിമം വേതനം മണിക്കൂറിന് $20.88 ആയും, തൊഴിലാളികൾക്ക് നഷ്ടപരിഹാരവും, ശമ്പളത്തിലെ വ്യത്യാസങ്ങൾ പരിശോധിക്കാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഊബർ ഉൾപ്പെടെയുള്ള ചില റൈഡ്-ഹെയ്‌ലിംഗ് കമ്പനികൾ ഈ നിയമങ്ങളോട് വിമർശനം ഉന്നയിച്ചിരുന്നു. യൂണിയൻ അംഗീകാരം വിക്ടോറിയയിലെ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും അനുഭവങ്ങളിൽ ഉടനടി മാറ്റമുണ്ടാക്കില്ലെന്ന് ഊബർ കാനഡയുടെ പൊതു നയ ഡയറക്ടർ ലോറ മില്ലർ അറിയിച്ചു. UFCW 1518-ഉമായുള്ള ചർച്ചകൾ അടുത്ത മാസം അല്ലെങ്കിൽ അതിനുശേഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.



