അമേരിക്കൻ വിദ്യാർത്ഥികൾക്ക് വീണ്ടും പ്രവേശനം
ബ്രിട്ടീഷ് കൊളംബിയ:യുണൈറ്റഡ് സ്റ്റേറ്റ്സിലെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ വിദ്യാർത്ഥികൾക്കായി യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ (യുബിസി) ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ പുനഃരാരംഭിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ 27 ശതമാനം വർദ്ധനവ് യുബിസി രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ സർവകലാശാലകളിലെ ഫണ്ടിംഗ് വെട്ടിക്കുറവും അക്കാദമിക് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകളും ഈ വർധനവിന് കാരണമായിട്ടുണ്ട്.
ഏപ്രിൽ 14 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ, സെപ്റ്റംബർ 2025 അല്ലെങ്കിൽ ജനുവരി 2026-ൽ പ്രവേശനത്തിനായി തിരഞ്ഞെടുത്ത യുബിസി ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ അമേരിക്കൻ പൗരന്മാരിൽ നിന്ന് പുതിയ അപേക്ഷകൾ സ്വീകരിക്കും. വിസ അനിശ്ചിതത്വവും നിലവിലെ അമേരിക്കൻ ഭരണകൂടത്തിന് കീഴിലുള്ള അക്കാദമിക് പ്രോഗ്രാമുകളിലെ പരിമിതികളും കാരണം പല വിദ്യാർത്ഥികളും അവരുടെ അക്കാദമിക് പദ്ധതികൾ പുനഃപരിശോധിക്കുന്നുണ്ടെന്ന് യുബിസി പ്രൊവോസ്റ്റ് ഗേജ് അവറിൽ പറഞ്ഞു.
കോർണെൽ, നോർത്ത്വെസ്റ്റേൺ, കൊളംബിയ തുടങ്ങിയ സർവകലാശാലകൾക്കുള്ള മില്യൺ ഫെഡറൽ ഫണ്ടിംഗ് ട്രംപ് ഭരണകൂടം മരവിപ്പിച്ചിട്ടുണ്ട്. സിവിൽ റൈറ്റ്സ് ലംഘനങ്ങൾ എന്ന് ആരോപിച്ചും, കാമ്പസ് പ്രതിഷേധങ്ങൾ കൈകാര്യം ചെയ്ത രീതിയും ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.



