ഡൽഹി: ഇന്ത്യയും യുഎഇ യും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക കരാറുകൾ ഒപ്പിട്ടു. 2026 ജനുവരി 19-ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ നടത്തിയ സന്ദർശനവേളയിലാണ് വ്യാപാരം, പ്രതിരോധം, ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നിർണ്ണായകമായ ധാരണാപത്രങ്ങൾ ഒപ്പിട്ടത്. നിലവിൽ 100 ബില്യൺ ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം 2032-ഓടെ 200 ബില്യൺ ഡോളറായി ഉയർത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിൽ ഭാരതത്തിന്റെ വിദേശനയത്തിലും സാമ്പത്തിക വളർച്ചയിലും യുഎഇയെ മുൻനിര പങ്കാളിയായി നിലനിർത്തുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.
വാണിജ്യ മേഖലയിലെ വളർച്ചയ്ക്കായി ദുബായിലെ ജബൽ അലി ഫ്രീ സോണിൽ 2.7 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ‘ഭാരത് മാർട്ട്’ എന്ന പേരിൽ വിതരണ കേന്ദ്രം സ്ഥാപിക്കും. ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആഫ്രിക്കൻ, യൂറോപ്യൻ വിപണികളിലേക്ക് ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ ഇതിലൂടെ സാധിക്കും. ഊർജ്ജ സുരക്ഷയുടെ ഭാഗമായി 2028 മുതൽ പത്ത് വർഷത്തേക്ക് പ്രതിവർഷം 0.5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഇന്ത്യക്ക് നൽകാൻ അബുദാബി നാഷണൽ ഓയിൽ കമ്പനിയും എച്ച്പിസിഎല്ലും തമ്മിൽ ധാരണയായി.
സമാധാനപരമായ ആവശ്യങ്ങൾക്കായി, അതായത് പ്രധാനമായും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആണവോർജ്ജം ഉപയോഗിക്കുന്നതിൽ ഇരുരാജ്യങ്ങളും കൈകോർക്കും. ചെറിയ ആണവ റിയാക്ടറുകൾ നിർമ്മിക്കുന്നതിലും മറ്റും യുഎഇയുമായി ചേർന്ന് ഇന്ത്യ പ്രവർത്തിക്കും. ഇന്നത്തെ കാലത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യയായ നിർമ്മിത ബുദ്ധി (AI) വികസിപ്പിക്കാൻ ഇന്ത്യയും യുഎഇയും ഒന്നിച്ചു നിൽക്കും. ഡാറ്റാ സെന്ററുകൾ തുടങ്ങുന്നതും ഇതിന്റെ ഭാഗമാണ്.
അതിവേഗത്തിൽ വിവരങ്ങൾ വിശകലനം ചെയ്യാൻ കഴിയുന്ന വളരെ വലിയ കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖല ഇന്ത്യയിൽ സ്ഥാപിക്കാൻ യുഎഇ സഹായിക്കും. ഗവേഷണങ്ങൾക്കും പുതിയ സാങ്കേതികവിദ്യകൾക്കും ഇത് വലിയ മുതൽക്കൂട്ടാകും. ഗുജറാത്തിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സിറ്റിയാണ് ധോലേര. അവിടെ ഫാക്ടറികൾ, എയർപോർട്ട്, മികച്ച റോഡുകൾ തുടങ്ങിയവ പണിയാൻ പണം നിക്ഷേപിക്കാമെന്ന് യുഎഇ സമ്മതിച്ചു. ഇതിനുള്ള താൽപ്പര്യപത്രമാണ് (Letter of Intent) അവർ കൈമാറിയത്.
സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി അബുദാബിയിൽ ‘ഹൗസ് ഓഫ് ഇന്ത്യ’ മ്യൂസിയം സ്ഥാപിക്കും. ഗുജറാത്തിലെ ലോഥലിൽ നിർമ്മിക്കുന്ന നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സിലേക്ക് യുഎഇ ചരിത്രരേഖകൾ കൈമാറും. വെറും എണ്ണ വ്യാപാരത്തിൽ ഒതുങ്ങിയിരുന്ന ബന്ധം, ആധുനിക സാങ്കേതിക വിദ്യയിലും പ്രതിരോധത്തിലും അധിഷ്ഠിതമായ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് മാറിയതിന്റെ തെളിവായി ഈ സന്ദർശനം വിലയിരുത്തപ്പെടുന്നു.
uae-presidents-india-visit-deepens-india-uae-strategic-partnership
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



