ഷാർജ: ഷാർജയിൽ കാറിടിച്ച് രണ്ട് വയസുകാരനായ മകൻ മരിച്ച സംഭവത്തിൽ വാഹനമോടിച്ച വ്യക്തിക്ക് മാപ്പ് നൽകി മാതാപിതാക്കളായ ഷറഫുദ്ദീനും സഫ്നയും. മലപ്പുറം സ്വദേശികളായ ദമ്പതികൾ, അപകടത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് ഷാർജ പോലീസിനെ രേഖാമൂലം അറിയിച്ചു. വാഹനമോടിച്ചിരുന്നതും മലയാളിയാണെന്നും, സംഭവിച്ചത് മനഃപൂർവമല്ലാത്ത അപകടമാണെന്നും ബോധ്യപ്പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
ഈ മാസം 12-ന് താമസസ്ഥലത്തിന് സമീപത്തെ പാർക്കിങ് ഏരിയയിലാണ് അപകടമുണ്ടായത്. മാതാവിനോടൊപ്പം പുറത്തിറങ്ങിയ അലൻ റൂമി എന്ന രണ്ട് വയസുകാരനെ പാർക്കിങ്ങിൽ നിന്നും പുറത്തേക്ക് എടുത്ത കാർ ഇടിക്കുകയായിരുന്നു. എട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജനിച്ച ഏക മകന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് വലിയ ആഘാതമായി. തങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിൽ മറ്റൊരു കുടുംബം കൂടി തകരരുതെന്ന മാനുഷിക പരിഗണനയാണ് പരാതി പിൻവലിക്കാൻ പ്രേരിപ്പിച്ചതെന്ന് കുടുംബം അറിയിച്ചു.
തലാൽ ഗ്രൂപ്പ് ജീവനക്കാരനായ ഷറഫുദ്ദീനെ കാണാൻ കഴിഞ്ഞ മാസം 18-നാണ് അലനും ഭാര്യയും സന്ദർശക വിസയിൽ ഷാർജയിൽ എത്തിയത്. പിതാവിനോടൊപ്പം സന്തോഷം പങ്കിട്ടു കഴിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരും സുഹൃത്തുക്കളും കുടുംബത്തിന് ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Two-year-old dies after being hit by car in Sharjah: Parents forgive Malayali driver



