വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് മുന്നോട്ടുവെച്ച സമാധാന ഉടമ്പടി എത്രയും വേഗം അംഗീകരിക്കണമെന്നും ചർച്ചകളിൽ ഗൗരവമായ സമീപനം സ്വീകരിച്ചില്ലെങ്കിൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും അദ്ദേഹം ഇറാന് മുന്നറിയിപ്പ് നൽകി. അമേരിക്ക സമർപ്പിച്ച 15 ഇന സമാധാന പദ്ധതി ചർച്ച ചെയ്യാൻ ഇറാൻ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.
സൈനികമായി തകർച്ച നേരിടുന്ന ഇറാൻ, ഉടമ്പടിക്കായി അപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. എന്നാൽ ചർച്ചകളെക്കുറിച്ച് പുറംലോകത്തിന് മുന്നിൽ വിചിത്രമായ നിലപാടാണ് ഇറാൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. വൈകിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. നിലവിൽ പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇറാന്റെ ആണവ പദ്ധതികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും 15 ഇന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. മേഖലയിൽ ഒരു മാസത്തെ വെടിനിർത്തൽ നടപ്പിലാക്കാൻ വാഷിംഗ്ടൺ ശ്രമിക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ കർശന ഉപാധികൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായേക്കില്ല എന്നാണ് സൂചനകൾ. വരും ദിവസങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം മധ്യപൂർവേഷ്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Trump's ultimatum to Iran; Warns it to accept peace deal immediately




