വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വലിയ കൊട്ടിഘോഷങ്ങളോടെ അവതരിപ്പിച്ച 10 ലക്ഷം ഡോളറിന്റെ ‘ഗോൾഡ് കാർഡ്’ വിസ പദ്ധതിക്ക് ലഭിക്കുന്നത് തണുപ്പൻ പ്രതികരണം. അതിവേഗത്തിൽ ഗ്രീൻ കാർഡും പൗരത്വവും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, നിക്ഷേപകർക്കിടയിൽ ഈ പദ്ധതിയേക്കാൾ വിശ്വാസ്യത ഇപ്പോഴും ഇബി-5 (EB-5) വിസയ്ക്കാണ്. പദ്ധതി പുറത്തിറക്കി ആഴ്ചകൾ പിന്നിട്ടിട്ടും നിക്ഷേപകർ ഇതിനോട് മുഖം തിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗോൾഡ് കാർഡ് പദ്ധതിയോടുള്ള വിമുഖതയ്ക്ക് പ്രധാനമായും നിയമപരവും സാമ്പത്തികവുമായ കാരണങ്ങളാണുള്ളത്. ഓരോ കുടുംബാംഗത്തിനും 10 ലക്ഷം ഡോളർ വീതം നൽകണമെന്ന നിബന്ധന വലിയൊരു സാമ്പത്തിക ബാധ്യതയായി നിക്ഷേപകർ കാണുന്നു. അതായത് ഒരു നാലംഗ കുടുംബത്തിന് അമേരിക്കൻ പൗരത്വം നേടാൻ മാത്രം ഏകദേശം 34 കോടി രൂപയോളം ചിലവാക്കേണ്ടി വരും. എന്നാൽ ഇതിനു പകരമായി നിലവിലുള്ള ഇബി-5 വിസ പദ്ധതിയിൽ ഒരു നിശ്ചിത തുക നിക്ഷേപിച്ചാൽ കുടുംബത്തിന് മുഴുവൻ വിസ ലഭിക്കുമെന്നതാണ് പ്രധാന ആകർഷണം. കൂടാതെ, ഗോൾഡ് കാർഡ് വഴി നൽകുന്ന തുക സർക്കാരിലേക്കുള്ള ഒരു സംഭാവന പോലെയാണെന്നും അത് തിരികെ ലഭിക്കില്ലെന്നതും നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നു.
മറ്റൊരു പ്രധാന വെല്ലുവിളി ഈ പദ്ധതിയുടെ നിയമസാധുതയാണ്. യുഎസ് കോൺഗ്രസിന്റെ ഔദ്യോഗിക അംഗീകാരമില്ലാതെ കേവലം ഒരു എക്സിക്യൂട്ടീവ് ഓർഡർ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് എത്രത്തോളം സുരക്ഷിതത്വമുണ്ടെന്ന കാര്യത്തിൽ കുടിയേറ്റ നിയമ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു. പണം നൽകിയാലും നിലവിൽ ഇന്ത്യക്കാർ നേരിടുന്ന ഇബി-1, ഇബി-2 വിസ വിഭാഗങ്ങളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാൻ ഈ കാർഡ് സഹായിക്കില്ലെന്നതും തിരിച്ചടിയാണ്. ഇതിനു വിപരീതമായി, മൂന്ന് പതിറ്റാണ്ടിലേറെയായി നിലവിലുള്ള ഇബി-5 വിസയ്ക്ക് കൃത്യമായ നിയമസംരക്ഷണവും വ്യക്തമായ മുൻഗണനാ ക്രമവുമുണ്ട്.
നിലവിൽ അമേരിക്കൻ വിപണിയിലെ പ്രവചനങ്ങൾ അനുസരിച്ച് 2025-ൽ ഒരു ഗോൾഡ് കാർഡ് പോലും വിറ്റഴിക്കപ്പെടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചുരുക്കത്തിൽ, പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ പദ്ധതിയേക്കാൾ കാലങ്ങളായി വിശ്വസിച്ചുപോരുന്ന ഇബി-5 പദ്ധതി തന്നെയാണ് സമ്പന്നർക്കിടയിൽ ഇപ്പോഴും താരം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Nobody wants it! Trump’s ‘Gold Card’ loses its luster; EB-5 is the only refuge for the American Dream



