2025-ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഫെഡറൽ ബജറ്റ് പ്രസ്താവന പ്രതിരോധേതര മേഖലകളിൽ 163 ബില്യൺ ഡോളറിന്റെ ചിലവ് ചുരുക്കൽ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം, പാർപ്പിടം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിൽ നിന്ന് ഫണ്ട് വെട്ടിക്കുറച്ച് പ്രതിരോധ-അതിർത്തി സുരക്ഷാ മേഖലകളിലേക്ക് വിഭവങ്ങൾ മാറ്റുന്നതിനുള്ള ഈ വിവാദപരമായ നിർദ്ദേശം രാഷ്ട്രീയ സർക്കിളുകളിൽ ശക്തമായ ചർച്ചകൾക്ക് കാരണമായിരിക്കുന്നു.
പ്രതിരോധേതര വ്യാവഹാരിക ചെലവുകൾ 23 ശതമാനം കുറയുന്നതോടെ, അത് 2017-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തലത്തിൽ എത്താൻ ആണ് സാധ്യത . ഈ ബജറ്റിൽ പ്രധാന ഫെഡറൽ സ്ഥാപനങ്ങൾ കനത്ത ഫണ്ട് വെട്ടിക്കുറക്കുന്നത് നേരിടേണ്ടിവരും. ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ ബജറ്റ് 26.2 ശതമാനം കുറയുമെന്നാണ് പ്രസ്താവന. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന് 40 ശതമാനം കുറവു വരുമെന്നും, സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന് ഏതാണ്ട് 50 ശതമാനം ഫണ്ട് വെട്ടിക്കുറക്കുന്നത് നേരിടേണ്ടിവരുമെന്നും സൂചിപ്പിക്കുന്നു.
ഫെഡറൽ വിദ്യാഭ്യാസ ഇടപെടൽ കുറയ്ക്കാനുള്ള ട്രംപിന്റെ ദീർഘകാല തന്ത്രത്തിന് അനുസൃതമായി വിദ്യാഭ്യാസ വകുപ്പിന്റെ ബജറ്റ് ഏകദേശം 15 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര മേഖലകളെ ബാധിക്കുന്ന ഈ വെട്ടിക്കുറവിന് വിപരീതമായി, 1.01 ട്രില്യൺ ഡോളറിന്റെ റെക്കോർഡ് പ്രതിരോധ ചെലവാണ് ബജറ്റിൽ നിർദ്ദേശിച്ചത്. ഇത് കോൺഗ്രസിന്റെ അധിക അനുമതിക്കുവേണ്ടി കാത്തിരിക്കുകയാണ്.
ഹോംലാൻഡ് സെക്യൂരിറ്റി ഫണ്ടിൽ ഏതാണ്ട് 65 ശതമാനം വർധന നിർദ്ദേശിച്ച ഈ ബജറ്റ് അതിർത്തി മതിൽ നിർമാണം, കൂട്ട നാടുകടത്തൽ തുടങ്ങിയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതാണ്. ഈ ബജറ്റ് നിർദ്ദേശത്തെ ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻമാരും വിമർശിച്ചു. സെനറ്റർ സൂസൻ കോളിൻസ് ആഭ്യന്തര ചെലവ് വെട്ടിക്കുറവുകളുടെ തീവ്രതയെക്കുറിച്ചും പ്രതിരോധ ചെലവിൽ പണപ്പെരുപ്പത്തെ നേരിടാനുള്ള പരിമിതികളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഈ വിമർശനങ്ങളുണ്ടായിട്ടും റിപ്പബ്ലിക്കൻ നിയമനിർമാതാക്കൾ ബജറ്റിനെ പിന്തുണയ്ക്കുമെന്ന് ട്രംപ് അഡ്മിനിസ്ട്രേഷൻ പ്രതീക്ഷിക്കുന്നു.


