അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്റ്റീൽ, അലുമിനിയം ഇറക്കുമതിയുടെ മേൽ നിലവിലുള്ള 25% താരിഫ് 50 ശതമാനമായി ഇരട്ടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പിറ്റ്സ്ബർഗിനടുത്തുള്ള യു.എസ് സ്റ്റീലിന്റെ മോൺ വാലി വർക്സ്-ഇര്‍വിൻ പ്ലാന്റിൽ നടന്ന റാലിയിൽ സംസാരിക്കുന്നതിനിടയിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഈ കൂട്ടിയ താരിഫ് “അമേരിക്കയിലെ സ്റ്റീൽ വ്യവസായത്തെ കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കാനഡയാണ് അമേരിക്കയിലേക്കുള്ള ഏറ്റവും വലിയ സ്റ്റീൽ വിതരണക്കാർ. 2023ലെ കണക്കുകൾ പ്രകാരം മൊത്തം ഇറക്കുമതിയുടെ 25 ശതമാനവും കാനഡയിൽ നിന്നാണ്. അമേരിക്കയിൽ ഉപയോഗിക്കുന്ന സ്റ്റീലിന്റെ നാലിൽ ഒരു ഭാഗവും മറ്റു രാജ്യങ്ങളിൽ ഇന്ന് കൊണ്ടുവരുന്നതാണ്. ഈ തീരുമാനത്തെ കനേഡിയൻ തൊഴിലാളികൾക്കെതിരായ നേരിട്ടുള്ള ആക്രമണം ആണെന്ന് കനേഡിയൻ ലേബർ കോൺഗ്രസിന്റെ പ്രസിഡന്റ് ബിയ ബ്രൂസ്കെ പറഞ്ഞു. ഇത് കാനഡയുടെ സ്റ്റീൽ-അലുമിനിയം വ്യവസായത്തെ തകർക്കുകയും നല്ല ശമ്പളമുള്ള ആയിരക്കണക്കിന് യൂണിയൻ തൊഴിലാളികളുടെ ജോലികൾക്ക് ഭീഷണിയായേക്കുമെന്നു അവർ മുന്നറിയിപ്പ് നൽകി.
മുൻ ട്രംപ് ഭരണകാലത്തും സ്റ്റീൽ-അലുമിനിയം താരിഫുകൾ അമേരിക്കൻ കമ്പനികൾക്കും ഉപഭോക്താക്കൾക്കും ചെലവേറിയതായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2018ലെ ഇറക്കുമതി താരിഫുകൾ കാരണം കമ്പനികൾക്ക് കൂടുതൽ വിലകൊടുത്ത് സാധനങ്ങൾ വാങ്ങേണ്ട സാഹചര്യമുണ്ടായി എന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ടാക്സ് ഫൗണ്ടേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് കാരണം ഏകദേശം 75,000 നിർമ്മാണ തൊഴിലാളികളുടെ ജോലികൾ നഷ്ടപ്പെടുത്തി. പീറ്റേഴ്സൺ ഇന്റർനാഷണൽ ഇക്കണോമിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലുപ്രകാരം, സ്റ്റീൽ നിർമ്മാണ വ്യവസായത്തിൽ ഓരോ ജോലികളും നിലനിർത്താൻ ഉപഭോക്താക്കൾ ഏകദേശം 6.5 ലക്ഷം ഡോളർ ചെലവഴിച്ചിട്ടുണ്ട്.
രാജ്യങ്ങൾക്കിടയിൽ ചരക്കുകൾ എളുപ്പത്തിൽ എത്തിക്കുന്ന വിശ്വസനീയമായ സംവിധാനം ഇല്ലാതാകുന്നത് കാനഡക്കും അമേരിക്കക്കും വലിയ നഷ്ട്ടം ഉണ്ടാക്കാൻ കാരണമാകുമെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റും സിഇഒയുമായ കാൻഡേസ് ലൈംഗ് അഭിപ്രായപ്പെട്ടു. 50 ശതമാനമായി ഇരട്ടിപ്പിക്കുന്ന ഈ താരിഫ് വടക്കേ അമേരിക്കൻ സാമ്പത്തിക സുരക്ഷയ്ക്ക് എതിരാണ് എന്ന് അവർ വ്യക്തമാക്കി. അമേരിക്കൻ ജോലികൾ നിലനിർത്തുന്ന വസ്തുക്കൾ വിതരണം ചെയ്യുന്ന വിശ്വസനീയവും സുരക്ഷിതവുമായ വ്യാപാര പങ്കാളിയാണ് കാനഡ എന്ന വസ്തുത അവർ ഓർമ്മിപ്പിന്നു.



