വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50% താരിഫുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ . മുമ്പ് 25 ശതമാനമായിരുന്ന ഈ താരിഫ് ഇരട്ടിയാക്കുന്നതിന് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ചൊവ്വാഴ്ച ഒപ്പുവച്ചിരുന്നു. ദേശീയ സുരക്ഷയും അമേരിക്കൻ വ്യവസായങ്ങളും സംരക്ഷിക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
അമേരിക്കയുടെ ഏറ്റവും വലിയ സ്റ്റീൽ വിതരണക്കാർ കാനഡയാണ്. അത് കൊണ്ട് തന്നെ ഈ താരിഫ് വർധന കാനഡയ്ക്ക് വലിയ ആഘാതമാണ്. യു.എസിൽ ഉപയോഗിക്കുന്ന മൊത്തം സ്റ്റീലിന്റെ നാലിലൊന്ന് ഇറക്കുമതി ചെയ്യുന്നതാണ്. പ്രധാനമന്ത്രി മാർക്ക് കാർണി ഈ താരിഫുകളെ നിയമവിരുദ്ധവും അന്യായവുമാണെന്ന് ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും വ്യക്തമാക്കിയതാണ്. എന്നിരുന്നാലും പുതിയ സാമ്പത്തിക-സുരക്ഷാ കരാറിന് കീഴിൽ താരിഫുകൾ നീക്കം ചെയ്യുന്നതിനായി കാനഡ അമേരിക്കയുമായി തീവ്രമായ ചർച്ചകൾ നടത്തുകയാണ്.
കാനഡയിലെ സ്റ്റീൽ-അലുമിനിയം വ്യവസായങ്ങൾ താരിഫ് ഇരട്ടിയാക്കുന്നത് വിനാശകരമായ ആഘാതമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന താരിഫുകൾ അമേരിക്കക്കാർക്കും ചെലവ് വർധനവിന് കാരണമാകുമെന്ന് അവർ പറഞ്ഞു. എന്നാൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ഇറക്കുമതിക്ക് ഈ വർധന ബാധകമല്ല. കഴിഞ്ഞ മാസം പ്രഖ്യാപിച്ച വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പരിഗണിക്കുന്ന സമയത്ത് യു.കെയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് തന്നെ തുടരും.
അമേരിക്കൻ സാമ്പത്തിക നയങ്ങളിലെ ഈ മാറ്റം ആഗോള വ്യാപാര ബന്ധങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കുമെന്ന് വിശകലകർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് കാനഡയുമായുള്ള ബന്ധത്തിൽ ഈ നടപടി പുതിയ സാമ്പത്തിക വെല്ലുവിളികൾ സൃഷ്ടിക്കും.



