വാഷിംഗ്ടൺ: ആഗോള എണ്ണക്കടത്തിന്റെ പ്രധാന നാഡിയായ ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഉപരോധം പിൻവലിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം ശക്തമായ സൈനിക നീക്കം നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് യുഎസ് പ്രസിഡന്റ് നിലപാട് കടുപ്പിച്ചത്. മേഖലയിൽ യുദ്ധഭീതി ഇരട്ടിയാക്കുന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
നേരത്തെ ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന 10 ദിവസത്തെ സമയപരിധി ഏപ്രിൽ ആറിന് അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ അന്ത്യശാസനം വന്നിരിക്കുന്നത്. നിശ്ചയിച്ച സമയത്തിനുള്ളിൽ കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്തില്ലെങ്കിൽ “ഇറാനു മേൽ നരകം പെയ്തിറങ്ങും” എന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോള തലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് അമേരിക്ക നേരിട്ടുള്ള ഇടപെടലിലേക്ക് നീങ്ങുന്നത്. ഇതോടെ ഗൾഫ് മേഖല വീണ്ടും ഒരു വലിയ യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്.
അതേസമയം, മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി അറിയിച്ചു. പ്രശ്നപരിഹാരത്തിനുള്ള ചർച്ചകളിൽ നിന്ന് തങ്ങൾ ഇതുവരെ വിട്ടുനിന്നിട്ടില്ലെന്നും എന്നാൽ ചർച്ചകൾ ശാശ്വതമായ പരിഹാരത്തിന് വേണ്ടിയുള്ളതാകണമെന്നും ഇറാൻ വ്യക്തമാക്കി. സമാധാന ശ്രമങ്ങൾ വഴിമുട്ടി എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും തള്ളിയിട്ടുണ്ട്.
ചൈനയും പാകിസ്താനും സംയുക്തമായി ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കാൻ സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഔദ്യോഗികമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. യുഎസിന്റെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇറാൻ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ വരും ദിനങ്ങൾ. വിഷയത്തിൽ നയതന്ത്രപരമായ നീക്കങ്ങൾ വിജയിക്കുമോ അതോ പ്രദേശം മറ്റൊരു യുദ്ധത്തിലേക്ക് കൂപ്പുകുത്തുമോ എന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
Trump's 48-hour ultimatum to Iran; US toughens stance on Hormuz blockade
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




