സ്വന്തം പേരിൽ സ്മാർട്ഫോണും മൊബൈൽ സേവനങ്ങളും ലഭ്യമാക്കാനുള്ള പദ്ധതിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് മൊബൈൽ എന്നാണ് മൊബൈൽ ഫോണിന്റെ പേര്. അമേരിക്കയിൽ നിർമിച്ച ഫോണുകളാവും വിപണിയിലിറക്കുകയെന്ന് ന്യൂയോർക്കിലെ ട്രംപ് ടവറിൽ പുതിയ സംരംഭം പ്രഖ്യാപിച്ചുകൊണ്ട് ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയർ പറഞ്ഞത്. 499 ഡോളർ (നിലവിലെ വിനിമയനിരക്കു പ്രകാരം ഏകദേശം 43,000 രൂപ) വിലയുള്ള ‘ടി1’ (T1) സ്മാർട്ഫോണാണ് ‘ട്രംപ് മൊബൈൽ’ ബ്രാൻഡിൽ വിപണിയിലിറക്കുന്നത്.സെപ്റ്റംബറിലാണ് ഫോൺ വിൽപനയ്ക്ക് എത്തുകയെങ്കിലും 100 ഡോളർ (8,600 രൂപ) നൽകി ഇപ്പോൾ ബുക്ക് ചെയ്യാമെന്ന് ട്രംപ് ഓർഗനൈസേഷൻ വ്യക്തമാക്കി. അതേസമയം, ഫോൺ ബുക്ക് ചെയ്യാൻ ആളുകൾ തിക്കിത്തിരക്കിയതോടെ കമ്പനിയുടെ വെബ്സൈറ്റ് ഏറെ നേരത്തേക്ക് പ്രവർത്തനരഹിതമായെങ്കിലും പിന്നീട് സജീവമായി.
പ്രതിമാസം 47.45 ഡോളറിന്റെ (ഏകദേശം 4,000 രൂപ) റീചാർജ് പ്ലാനും ട്രംപ് ഓർഗനൈസേഷൻ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഒറ്റ പ്രതിമാസ ഫീസിൽ അവരുടെ ഫോണിൽ ടെലിമെഡിസിൻ സൗകര്യങ്ങൾ നേടാനും, അവരുടെ കാറുകൾക്ക് റോഡ്‌സൈഡ് അസിസ്റ്റൻസ് നേടാനും, ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലേക്ക് പരിധിയില്ലാത്ത ടെക്സ്റ്റിംഗ് നടത്താനും കഴിയും. സ്വർണ നിറം നൽകിയാണ് ട്രംപ് ഓർഗനൈസേഷൻ ടി1 സ്മാർട്ഫോൺ ഒരുക്കിയിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിലെ ‘മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ’ എന്ന ട്രംപിന്റെ മുദ്രാവാക്യവും അമേരിക്കയുടെ പതാകയും ഫോണിൽ കാണാം.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ സമർപ്പിച്ച രണ്ട് പുതിയ ട്രേഡ്മാർക്ക് അപേക്ഷകൾ ട്രംപിന്റെ പേരിൽ ഒരു മൊബൈൽ ഫോണും ടെലികോം നെറ്റ് വർക്കും വരാൻ സാധ്യതയുണ്ടെന്ന് സൂചന നൽകുന്നതാണെന്ന് നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ട്രംപ് ജൂനിയറിന്റെ പ്രഖ്യാപനം വന്നത്. മൊബൈൽ ഫോണുകൾ, ഫോൺ കെയ്സുകൾ, ബാറ്ററി ചാർജറുകൾ, വയർലെസ് ടെലികോം സേവനങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളെ കുറിച്ചും
ട്രംപിന്റെ ബ്രാൻഡിൽ ഫിസിക്കൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനുള്ള പദ്ധതികളെക്കുറിച്ചും ട്രേഡ്മാർക്ക് രേഖകളിൽ പരാമർശിക്കുന്നതായി വിവരം പുറത്തുവന്നിരുന്നു.



