ഇലോൺ മസ്കുമായുള്ള പോര് മുറുകുന്നതിനിടെ തൻറെ ടെസ്ല കാർ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ട്രംപ് ചുവന്ന നിറത്തിലുളള ടെസ്ല മോഡൽ എസ് വിൽക്കാനൊരുങ്ങുന്ന വിവരം റിപ്പോർട്ട് ചെയ്തത്. ടെസ്ലക്കെതിരെയും മസ്കിനെകിരെയും വ്യാപക പ്രതിഷേധങ്ങളും ഓഹരിവിപണിയിലെ ഇടിവും നേരിടുന്ന സമയത്ത് മസ്കിന് പിന്തുണയറിയിച്ചുകൊണ്ടാണ് ട്രംപ് ഈ കാറ് വാങ്ങിയത്. ഈ വർഷം ആദ്യമാണ് ട്രംപ് ചുവന്ന ടെസ്ല എസ് വാങ്ങിയത്. 98.0 kWh ബാറ്ററി പായ്ക്കുള്ള ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സംവിധാനമാണുള്ള വാഹനമാണിത്. അതുകൊണ്ടുതന്നെ ഒറ്റ ചാർജിൽ ഏകദേശം 524 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. എന്നാൽ ട്രംപ് മസ്ക് തർക്കം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിലാണ് ട്രംപിന്റെ വിൽപ്പന നീക്കം.
ട്രംപിന്റെ തീരുവയുദ്ധത്തോട് ഉൾപ്പടെ തന്റെ എതിർപ്പ് പരസ്യമാക്കി മസ്ക് രംഗത്തുവന്നതോടെയാണ് ഇരുവരുടെയും സൗഹൃദത്തിന് വിളളൽ വീണത്. കാറ് വിൽക്കുന്നതിനെ കുറിച്ചോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും നൽകുന്നതിനെ കുറിച്ചോ ട്രംപ് ആലോചിക്കുന്നുണ്ടെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.ഇലോൺ മസ്കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചുവെന്നാണ് ഏറ്റവും ഒടുവിൽ ട്രംപ് പ്രതികരിച്ചത്.



