വാഷിംഗ്ടൺ: വിവാദമായ വോട്ടർ ആക്ട് കോൺഗ്രസ് അംഗീകരിക്കുന്നതുവരെ മറ്റ് നിയമനിർമ്മാണങ്ങളിലൊന്നും ഒപ്പുവെക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ്, റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ‘സേവ് അമേരിക്ക ആക്ട്’ പാസാക്കണമെന്ന കർശന നിർദ്ദേശം ട്രംപ് മുന്നോട്ടുവെച്ചത്. ഫ്ലോറിഡയിലെ ഡോറലിലുള്ള ഗോൾഫ് ക്ലബ്ബിൽ വാരാന്ത്യം ചെലവഴിക്കവെയാണ് ഭരണകൂടത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്ന പ്രസ്താവന പ്രസിഡന്റ് നടത്തിയത്.
നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുമ്പോൾ പൗരത്വത്തിന്റെ തെളിവ് നിർബന്ധമായും ഹാജരാക്കണമെന്നതാണ് ഈ ബില്ലിലെ പ്രധാന വ്യവസ്ഥ. മതിയായ രേഖകളില്ലാതെ ആരെയെങ്കിലും വോട്ടർ പട്ടികയിൽ ചേർക്കുന്ന ഉദ്യോഗസ്ഥർക്ക് ക്രിമിനൽ ശിക്ഷ നൽകാനും ബില്ലിൽ ശുപാർശയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ജനപ്രതിനിധിസഭ ഈ ബിൽ പാസാക്കിയെങ്കിലും, നിലവിൽ സെനറ്റിൽ ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഇത് തടസ്സപ്പെട്ടിരിക്കുകയാണ്. വോട്ടവകാശം നിഷേധിക്കാനാണ് ഈ നീക്കമെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ആരോപണം.
പ്രസിഡന്റിന്റെ ഭീഷണി നിയമനിർമ്മാണ സഭയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, ഒരു ബിൽ പാസാക്കി പത്ത് ദിവസത്തിനുള്ളിൽ പ്രസിഡന്റ് നടപടിയൊന്നും സ്വീകരിച്ചില്ലെങ്കിൽ അത് സ്വയമേവ നിയമമായി മാറുമെന്ന ഭരണഘടനാപരമായ പ്രത്യേകതയും നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഭയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതിനിടെയാണ്, തന്റെ ഭരണകാലത്തെ അവസാന രണ്ട് വർഷം സുഗമമാക്കാൻ വോട്ടർ നിയമത്തിൽ ട്രംപ് ഉറച്ചുനിൽക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Trump threatens to veto bills if Voter Act not passed



