ഒട്ടാവ: യുഎസ് ജെറ്റ് വിമാനങ്ങളുടെ വിൽപ്പന കാനഡ തടയുകയാണെന്ന് ആരോപിച്ച് കാനഡയിൽ നിർമ്മിക്കുന്ന വിമാനങ്ങൾക്ക് കടുത്ത താരിഫ് ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഗൾഫ്സ്ട്രീം ജെറ്റുകളുടെ വിവിധ മോഡലുകൾക്ക് കാനഡ സർട്ടിഫിക്കേഷൻ നിഷേധിച്ചതിനെത്തുടർന്നാണ് നീക്കമെന്ന് വ്യാഴാഴ്ച സോഷ്യൽ മീഡിയയിലൂടെ ട്രംപ് അറിയിച്ചു.
കാനഡ ഉടൻ നടപടി തിരുത്തിയില്ലെങ്കിൽ കനേഡിയൻ വിമാനങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയുടെ നടപടിക്ക് മറുപടിയായി ബോംബാർഡിയർ ഉൾപ്പെടെയുള്ള കനേഡിയൻ നിർമ്മിത വിമാനങ്ങളുടെ യുഎസിലെ അംഗീകാരം റദ്ദാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ആഗോള ബിസിനസ് ജെറ്റ് വിപണിയിൽ ബോംബാർഡിയറും ഗൾഫ്സ്ട്രീമും പ്രധാന എതിരാളികളാണ്. ഗൾഫ്സ്ട്രീമിൻ്റെ G500, G600 മോഡലുകൾക്കൊപ്പം പുതിയ G700, G800 വിമാനങ്ങൾക്കും അംഗീകാരം നൽകുന്നതിലെ കാലതാമസമാണ് ഇപ്പോഴത്തെ തർക്കത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ റദ്ദാക്കാൻ ട്രംപിന് നിയമപരമായ അധികാരമില്ലെന്ന് ഏവിയേഷൻ വിദഗ്ധൻ ഫിൽ ഡർഡി പ്രതികരിച്ചു.
അമേരിക്കയിൽ വിമാനങ്ങൾക്ക് അംഗീകാരം നൽകുന്നതും അത് റദ്ദാക്കുന്നതും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കനേഡിയൻ നിർമ്മിത വിമാനങ്ങൾ നിലവിൽ അമേരിക്കയിൽ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കാനഡയ്ക്കെതിരായ നീക്കം അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. യുഎസ് സൈന്യം നിലവിൽ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന E-11A ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിമാനങ്ങൾക്കായി ബോംബാർഡിയറെയാണ് ആശ്രയിക്കുന്നത്. അതിനാൽ ഇത്തരം നടപടികൾ ഇരു രാജ്യങ്ങളിലെയും വ്യോമയാന മേഖലയെ സാരമായി ബാധിക്കുമെന്നും വിദഗ്ധർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



