ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നതിനും ചൈനയിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുമെതിരെ ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കമുള്ള ടെക്ക് ഭീമൻമാരെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെക് കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിർത്തണമെന്നും പകരം സ്വന്തം രാജ്യത്തുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ബുധനാഴ്ച വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ പല ടെക് കമ്പനികളും അമേരിക്ക നൽകുന്ന ചില സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചൈനയിൽ ഫാക്ടറികൾ നിർമിക്കുകയും അയർലന്റിൽ ലാഭം പൂഴ്ത്തിവെയ്ക്കുകയും ചെയ്യുന്നു. ഇവിടുത്തെ പൗരൻമാരെ അവർ അവഗണിക്കുകയും ചെയ്തു. ഇത് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നാൽ ആ നാളുകൾ കഴിഞ്ഞു.’-ട്രംപ് വ്യക്തമാക്കി.
‘ദീർഘകാലമായി അമേരിക്കയുടെ ടെക്നോളജി വ്യവസായം സമൂല ആഗോളവൽക്കരണത്തിന് പ്രാധാന്യം നൽകിവരികയായിരുന്നു. അത് ദശലക്ഷക്കണക്കിന് അമേരിക്കക്കാരിൽ വിശ്വാസമില്ലായ്മ വളർത്തി. അവർ ചതിക്കപ്പെടുന്നതായും അവർക്ക് തോന്നി’, പ്രസിഡന്റ് പറഞ്ഞു.
ഇതാദ്യമായല്ല ട്രംപ് അമേരിക്കൻ ടെക്നോളജി കമ്പനികൾ രാജ്യത്തിനു വെളിയിൽ നിക്ഷേപിക്കുന്നതിനെതിരെ രംഗത്ത് വരുന്നത്. ഇന്ത്യയിൽ നിർമിച്ച് അമേരിക്കയിലേക്ക് കൊണ്ടുവരുന്ന ഐഫോണുകൾക്ക് ആപ്പിൾ കമ്പനിക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിലൊന്നും അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.
Trump Tells US Tech Giants to not Hire Indians



