വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏകപക്ഷീയമായി ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ, കോടതിയെ വെല്ലുവിളിച്ച് വീണ്ടും ട്രംപിന്റെ പ്രഖ്യാപനം. കോടതി വിധി മറികടക്കാൻ 1974-ലെ വ്യാപാര നിയമം (Trade Act of 1974) പ്രയോഗിച്ചുകൊണ്ട് 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. നിലവിലുള്ള നികുതികൾക്ക് പുറമെയാണിത്.
ഇന്ത്യയ്ക്ക് 18 ശതമാനം നികുതി; മോദിയുമായി നല്ല ബന്ധമെന്നും ട്രംപ്
ഇന്ത്യയ്ക്കെതിരായ പകരച്ചുങ്കം 18 ശതമാനമായി തന്നെ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് മികച്ച വ്യക്തിബന്ധമാണുള്ളതെന്ന് ആവർത്തിക്കുമ്പോഴും, ഇന്ത്യയുടെ വ്യാപാര നയങ്ങളോടുള്ള കർശന നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. വലിയ തോതിലുള്ള തീരുവകൾ ചുമത്തുമെന്ന തന്റെ ഭീഷണി കാരണമാണ് ഇന്ത്യ-പാക് തർക്കം ഉൾപ്പെടെ ലോകത്തെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞതെന്ന വാദവും അദ്ദേഹം വേദിയിൽ ആവർത്തിച്ചു.
കോടതി വിധി ‘ഭയാനകം’; ജഡ്ജിമാർക്കെതിരെ ആഞ്ഞടിച്ച് പ്രസിഡന്റ്
താരിഫ് ചുമത്താനുള്ള അധികാരം പ്രസിഡന്റിനല്ല, മറിച്ച് കോൺഗ്രസിനാണെന്ന സുപ്രീം കോടതി വിധി ‘ഭയാനകം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാർക്ക് രാജ്യസ്നേഹമില്ലെന്നും അവർ അമേരിക്കൻ ഭരണഘടനയോട് കൂറില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു. 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) ഉപയോഗിച്ച് ട്രംപ് അധികാര പരിധി ലംഘിച്ചുവെന്ന കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപരമായ ഇടപെടൽ.
നിയമപോരാട്ടം തുടരുന്നു
ട്രംപിന്റെ നികുതി വർധനവിനെതിരെ 12 പ്രവിശ്യകളും പ്രമുഖ കമ്പനികളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി വന്നത്. കോടതി വിധിയോടെ 17,500 കോടി ഡോളർ സർക്കാർ തിരിച്ചുനൽകേണ്ടി വരുമെന്ന ചർച്ചകൾക്കിടയിലാണ് ട്രംപിന്റെ പുതിയ നീക്കം. തന്റെ സാമ്പത്തിക നയങ്ങളുടെ പ്രധാന ആയുധമായി താരിഫുകളെ കാണുന്ന ട്രംപിന്റെ ഈ പ്രഖ്യാപനം ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump Signs 10% Global Tariffs Order After Supreme Court Ruling



