വാഷിങ്ടൻ/ടെഹ്റാൻ: ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തമാകുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നീക്കങ്ങളുമായി അമേരിക്ക. രാജ്യാന്തര വിപണിയിലേക്കുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാൻ ചൈന ഉൾപ്പെടെ ഏഴ് പ്രമുഖ രാജ്യങ്ങളുടെ സൈനിക സഹായം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തേടി. മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ, യുഎസിന്റെ ഈ നീക്കത്തോട് സഖ്യകക്ഷികൾ ഉൾപ്പെടെയുള്ളവർ കരുതലോടെയാണ് പ്രതികരിക്കുന്നത്.
സഹായം നൽകാൻ മടിക്കുന്ന രാജ്യങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. “സഹായിക്കാത്തവരെ ഞങ്ങൾ ഓർത്തുവെക്കും” എന്ന താക്കീത് നൽകിയ ട്രംപ്, ഈ മാസം അവസാനം നിശ്ചയിച്ചിരുന്ന തന്റെ ചൈന സന്ദർശനം മാറ്റിവെച്ചേക്കുമെന്ന സൂചനയും നൽകി. ഹോർമുസ് വിഷയത്തിൽ ചൈനയുടെ ഔദ്യോഗിക നിലപാട് അറിഞ്ഞ ശേഷമേ സന്ദർശന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. അതേസമയം, മേഖലയിലെ സൈനിക നീക്കങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുടെ ആവശ്യത്തോട് പൂർണ്ണമായി സഹകരിച്ചിട്ടില്ല. ഹോർമുസിലെ സൈനിക ഇടപെടലിന്റെ അന്തിമ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് ജർമ്മനി ആവശ്യപ്പെട്ടു. ചെങ്കടലിലെ കപ്പലുകളെ സംരക്ഷിക്കുന്ന ദൗത്യം ഹോർമുസിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ടെങ്കിലും, മറ്റൊരു വലിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ താല്പര്യമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ വ്യക്തമാക്കി.
മറുഭാഗത്ത്, ഇസ്രായേൽ-ലബനൻ അതിർത്തിയിലും സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇറാന്റെ 70 ശതമാനം മിസൈൽ ലോഞ്ചറുകളും തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണങ്ങൾക്ക് കുറവില്ല.
Trump seeks help from 7 countries; European countries cautious
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



