ഒട്ടാവ: കാനഡയും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര ഇടപാടുകൾക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ സ്വയം നശിച്ചുകൊണ്ടിരിക്കുകയാണെന്നും ചൈനയുമായുള്ള കരാർ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
“കാനഡ എന്ന മഹത്തായ രാജ്യത്തെ ചൈന പൂർണ്ണമായും കൈക്കലാക്കുകയാണ്. ഇത് കാണുമ്പോൾ വിഷമമുണ്ട്. അവർ ഐസ് ഹോക്കിയെയെങ്കിലും വെറുതെ വിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ട്രംപ് പരിഹാസരൂപേണ പറഞ്ഞു. കാനഡയിലെ ബിസിനസുകളെല്ലാം അമേരിക്കയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദത്തിന് പിന്നിൽ എന്ത്?
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ആഴ്ച ബീജിംഗ് സന്ദർശിക്കുകയും ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഇറക്കുമതി തീരുവ കുറയ്ക്കാൻ ധാരണയാവുകയും ചെയ്തിരുന്നു. ഇതിന് പകരമായി കാനഡയുടെ കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള നികുതി കുറയ്ക്കാൻ ചൈനയും സമ്മതിച്ചു. ഈ ‘ലാൻഡ്മാർക്ക്’ ഡീലാണ് ട്രംപിനെ ചൊടിപ്പിച്ചത്.
100% താരിഫ് ഭീഷണി കാനഡ ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ടാൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം നികുതി (Tariff) ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചൈനയുമായി അത്തരമൊരു കരാറിലല്ല തങ്ങൾ ഏർപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. അമേരിക്കയുമായുള്ള (CUSMA) കരാർ പ്രകാരം ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ കാനഡയ്ക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ “പഴയ ലോകക്രമം ഇനി തിരിച്ചുവരില്ല” എന്ന് കാർണി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് കാനഡയ്ക്കെതിരെ വിമർശനം കടുപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ വഷളാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump says China is ‘taking over’ Canada



