വാഷിങ്ടൺ: യുഎസുമായുള്ള യുദ്ധത്തിൽ ഇറാൻ വിജയിച്ചെന്ന വാർത്ത സംപ്രേഷണം ചെയ്ത അന്താരാഷ്ട്ര വാർത്താ ചാനലായ സിഎൻഎന്നിനെതിരെ രൂക്ഷവിമർശനവുമായി ഡൊണാൾഡ് ട്രംപ്. ചാനൽ പരസ്യമായി മാപ്പുപറയണമെന്നും വാർത്ത പിൻവലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ വാർത്തയിൽ ഉറച്ചുനിൽക്കുന്നതായും മാപ്പുപറയില്ലെന്നുമാണ് സിഎൻഎൻ നൽകുന്ന മറുപടി.
അമേരിക്കയെ മുട്ടുകുത്തിച്ച് പത്ത് നിർദേശങ്ങളടങ്ങിയ സമാധാന കരാറിൽ ഇറാൻ ഒപ്പുവെപ്പിച്ചു എന്നായിരുന്നു വെടിനിർത്തലിന് പിന്നാലെ സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. നൈജീരിയയിൽ നിന്നുള്ള ഒരു വ്യാജ വെബ്‌സൈറ്റിലെ വിവരം പരിശോധന കൂടാതെ സിഎൻഎൻ ഏറ്റുപിടിക്കുകയായിരുന്നു എന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ പ്രസ്താവനയും ട്രംപ് ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും ആക്രമണം നിർത്തിയാൽ ഇറാനും പിന്മാറുമെന്നാണ് മന്ത്രിയുടെ പ്രസ്താവനയിലുള്ളത്. മേഖലയിൽ മനപൂർവ്വം പ്രകോപനം സൃഷ്ടിക്കാനാണ് സിഎൻഎൻ ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഔദ്യോഗിക പ്രസ്താവനയെയും മാധ്യമങ്ങളെയും ഉദ്ധരിച്ചാണ് തങ്ങൾ വാർത്ത നൽകിയതെന്ന് സിഎൻഎൻ വ്യക്തമാക്കി. ഇറാൻ വൻ വിജയം നേടിയെന്നും യുഎസിനെ ചർച്ചാ മേശയിലെത്തിക്കാൻ അവർക്ക് സാധിച്ചെന്നുമാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും ചാനൽ അധികൃതർ പ്രതികരിച്ചു. യുദ്ധത്തിൽ തങ്ങൾക്ക് നേരിട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയുൾപ്പെടെ പത്ത് ഇന നിർദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്.
വെടിനിർത്തൽ കരാർ ഇസ്രായേലിലും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികൾ തകർക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ആരോപിച്ചു. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയമാണിതെന്നും സുപ്രധാന ചർച്ചകൾ നടക്കുമ്പോൾ രാജ്യം കാഴ്ചക്കാരായി നിൽക്കേണ്ടി വന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെതന്യാഹുവിന്റെ അഹങ്കാരവും തന്ത്രപരമായ വീഴ്ചയും പരിഹരിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും ലാപിഡ് എക്സിൽ കുറിച്ചു.
നിലവിൽ രണ്ടാഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാനുള്ള യുഎസ് തീരുമാനത്തെ നെതന്യാഹു സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഈ താൽക്കാലിക വെടിനിർത്തൽ ലബനാന് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും ആക്രമണങ്ങളിൽ നിന്ന് വിട്ടുനിന്നാൽ മാത്രമായിരിക്കും ഇറാൻ സമാധാന കരാറുമായി സഹകരിക്കുക. നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ സ്ഥിതി മാറുമെന്ന കർശന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.
Trump lashes out at CNN for reporting Iran victory; Channel won't apologize, war follows ceasefire
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




