ഇന്ത്യ– പാക്കിസ്ഥാൻ വെടിനിർത്തലിനു മുൻകയ്യെടുത്തെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ താൻ നിർദേശം നൽകിയതിനു പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തയാറായതെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വീണ്ടും പറഞ്ഞു. ജന്മാവകാശ പൗരത്വ കേസിൽ കീഴ്ക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധിക്കു ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
‘‘ഞങ്ങൾ മികച്ച ചില കാര്യങ്ങൾ ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരുപക്ഷേ ആണവയുദ്ധ തന്നെ ഉണ്ടായേക്കാമായിരുന്നു. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തു. ഇതിലും കൂടുതൽ കാര്യങ്ങൾ ചെയ്ത ഒരു പ്രസിഡന്റ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ല.’’– ട്രംപ് പറഞ്ഞു.
നാല് ദിവസത്തെ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം മേയ് 10നാണ് ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കുന്നതിനായി ധാരണയിലെത്തിയത്. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതായി പലതവണ ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ ഈ അവകാശവാദം നിഷേധിക്കുകയായിരുന്നു.



