അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശന പ്രഖ്യാപനം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തുറന്നുകൊടുത്തിരിക്കുന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള താരിഫ് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷമാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന പ്രകാരം നടന്ന ഈ സംഭാഷണം വളരെ നല്ല ചർച്ചയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ട്രംപിന്റെ ഈ നീക്കത്തിന്റെ പ്രാധാന്യം കൂടുതൽ അവഗണിക്കാനാകാത്തതാണെന്ന് പറയപ്പെടുന്നു. ട്രംപ് ആരംഭിച്ച താരിഫ് നയം ലോക സമ്പദ്വ്യവസ്ഥയെ വളരെയധികം ബാധിച്ചിട്ടുണ്ട്. അമേരിക്കയുടെ പണം അമേരിക്കയ്ക്ക് ലഭിക്കണമെന്നും മറ്റ് രാജ്യങ്ങൾ അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും ആരോപിച്ചാണ് ട്രംപ് ഉയർന്ന താരിഫുകൾ ഏർപ്പെടുത്തിയത്. ഇതിന് മറുപടിയായി ചൈനയും അമേരിക്കൻ ഉത്പന്നങ്ങൾക്കുമേൽ അധിക താരിഫ് ചുമത്തി.
ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ സന്ദർശനത്തിന് ക്ഷണം നൽകിയിട്ടുണ്ട്. ആദ്യം ട്രംപ് ചൈന സന്ദർശിക്കും, പിന്നീട് ഷി ജിൻപിങ് അമേരിക്കയിലേക്കെത്തുമെന്നാണ് പ്രഖ്യാപനം. വ്യാപാരത്തിന്റെ കാര്യത്തിൽ ഇരു രാജ്യങ്ങൾക്കും ഉപയോഗപ്രദമായ ചർച്ച നടന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയിൽ ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ പിൻവലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്
നിലവിൽ ചൈനീസ് ഉത്പന്നങ്ങളുടെ താരിഫ് 145% നിന്ന് 30 ശതമാനമായും യുഎസ് ഇറക്കുമതി തീരുവ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായും മൂന്ന് മാസത്തേയ്ക്ക് കുറച്ചിട്ടുണ്ട്. എന്നാൽ സ്ഥിരമായ പരിഹാരത്തിനായി കൂടുതൽ നയതന്ത്ര ശ്രമങ്ങൾ ആവശ്യമാണ്. അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിച്ചു കൊണ്ട് മുന്നോട്ടുപോകണമെന്ന ചൈനയുടെ നിലപാടും ശ്രദ്ധേയമാണ്. ഈ നയതന്ത്ര സംവാദം ലോക സമ്പദ്വ്യവസ്ഥയിൽ പുതിയ ഊർജ്ജം പകരുമെന്ന് പ്രതീക്ഷിക്കാം.



