അമേരിക്കയുമായുള്ള വ്യാപാരക്കരാർ വ്യവസ്ഥകൾ ചൈന ലംഘിച്ചെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ ഇനിമേൽ ‘ദയാലു’ ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ചൈനക്കെതിരെ തുറന്നടിച്ചത്. അമേരിക്ക വ്യാപാരച്ചുങ്കം ഉയർത്തിയതിന് പിന്നാലെ ചൈന കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും അതുകണ്ട് താൻ അതിവേഗം ചൈനയുമായി കരാറിൽ ഏർപ്പെടുകയുമായിരുന്നുവെന്നുമാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ, യുഎസുമായി കരാറിൽ ഏർപ്പെട്ട് രാജ്യത്തെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ ചൈന കരാർ വ്യവസ്ഥകൾ പൂർണമായി ലംഘിച്ചെന്നാണ് ട്രംപിന്റെ ആരോപണം.
വളരെമോശം സാഹചര്യത്തിലേക്ക് ചൈന പോകുമെന്ന് തോന്നിയപ്പോൾ, അങ്ങനെ സംഭവിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് അതിൽനിന്ന് രക്ഷിക്കാൻ അവരുമായി താൻ അതിവേഗം കരാറുണ്ടാക്കി. ആ കരാർ കാരണം എല്ലാം അതിവേഗം സ്ഥിരത കൈവരിച്ചു. ചൈന സാധാരണഗതിയിലേക്കെത്തി. എന്നാൽ, ചൈന, യുഎസുമായുള്ള കരാർ പൂർണമായും ലംഘിച്ചു. ദയാലുവായ മനുഷ്യൻ ആയിരുന്നിട്ട് യാതൊരു കാര്യവുമുണ്ടായില്ല. അതുകൊണ്ട് ഇനി അങ്ങനെ തുടരാനില്ല, ട്രംപ് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര ചർച്ചകൾ അൽപം തടസ്സപ്പെട്ടുവെന്ന യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.



